---
title: "#fraudcase  | വിദേശ രാജ്യങ്ങളിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് കെണിയൊരുക്കി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രത നിർദേശം "
english_title: "#fraudcase #Fraud #gangs #set #traps #those #who #want #immigrate #foreign #countries #Warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132828/fraudcase-fraud-gangs-set-traps-those-who-want-immigrate-foreign-countries-warning"
published_at: "2023-07-22T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc0cb50cda6_online.jpg"
keywords: []
---

# #fraudcase  | വിദേശ രാജ്യങ്ങളിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് കെണിയൊരുക്കി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രത നിർദേശം 

> **Lead Summary:** **ദുബായ് : **വിദേശ രാജ്യങ്ങളിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തേടി തട്ടിപ്പുകാർ. സമൂഹ മാധ്യമങ്ങളിൽ കെണിയൊരുക്കിയാണ് ആവശ്യക്കാരെ ഇവർ വീഴ്ത്തുന്നത്.

## Article Content

**ദുബായ് : **വിദേശ രാജ്യങ്ങളിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തേടി തട്ടിപ്പുകാർ. സമൂഹ മാധ്യമങ്ങളിൽ കെണിയൊരുക്കിയാണ് ആവശ്യക്കാരെ ഇവർ വീഴ്ത്തുന്നത്.

വിനോദ സഞ്ചാരം, പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശത്തേക്കു പോകാൻ ആഗ്രഹിച്ചാൽ മതി, ഇവരുടെ സന്ദേശങ്ങൾ നമ്മെ തേടി എത്തും. യാത്ര സംബന്ധമായി ഇന്റർനെറ്റിലും മറ്റും തിരയുന്നിടത്തുനിന്നു തുടങ്ങുന്നു തട്ടിപ്പിന്റെ കഥകൾ.

ഇന്റർനെറ്റിലെ തിരയലിന് പിന്നാലെ, സമാന മേഖലയിൽ നിന്നുള്ള പേജുകൾ സമൂഹ മാധ്യമങ്ങൾ നമുക്ക് നിർദേശിക്കും. ഇവയിൽ പലതിലും കെണി ഒളിഞ്ഞിരുപ്പുണ്ടാകും.

ഉയർന്ന ശമ്പളത്തിൽ ജോലി, കുറ‍ഞ്ഞ സർവീസ് ചാർജ്, കുറഞ്ഞ നിരക്കിൽ വീസ, കേട്ടുകേൾവിയില്ലാത്ത അത്ര കുറഞ്ഞ ടിക്കറ്റ് റേറ്റ്, അങ്ങനെ ഒരു ശരാശരി മനുഷ്യനെ വീഴ്ത്താൻ പറ്റുന്നതെല്ലാം സന്ദേശങ്ങളിലുണ്ടാകും. ഇത്തരം ലിങ്കുകളിൽ കയറിയാൽ തട്ടിപ്പുകാരുടെ കെണിയിൽ വീണു എന്നർഥം.

അവർ, വ്യക്തി വിവരങ്ങൾ ബാങ്ക് വിവരങ്ങൾ, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയവ ആവശ്യപ്പെടും. പണം നഷ്ടപ്പെടുന്നതിനൊപ്പം തിരിച്ചറിയൽ രേഖകൾ ദുരുപയോഗിക്കാനും കാരണമാകും.

വിദേശ രാജ്യങ്ങളിലേക്ക് വീസ സേവനങ്ങൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വിഎഫ്എസ് ഗ്ലോബലിന്റെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി. വിഎഫ്എസിനു വേണ്ടി ഏജന്റുമാരെയോ സ്ഥാപനങ്ങളെയോ നിയോഗിച്ചിട്ടില്ല.

ട്രാവൽ കമ്പനികൾ, ടൈപ്പിങ് ഓഫിസുകൾ, ട്രാവൽ ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഫ്ലൈറ്റ് ബുക്കിങ് ഏജന്റ്സ് എന്നീ മേഖലയിൽ ആരുമായും വിഎഫ്എസ്സിന് ധാരണയോ സഹകരണമോ ഇല്ലെന്നും അറിയിച്ചു. ഏജൻസികളുടെ വിശ്വാസ്യത ഉറപ്പാക്കാതെ പണമോ വ്യക്തി വിവരങ്ങളോ കൈമാറരുതെന്നും മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132828/fraudcase-fraud-gangs-set-traps-those-who-want-immigrate-foreign-countries-warning)