---
title: "#dubai | വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത നിർദേശം "
english_title: "#dubai #Caution #online #transactions #foreigncountries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133347/dubai-caution-online-transactions-foreigncountries-new"
published_at: "2023-07-24T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be6ac51e0a6_online.jpg"
keywords: []
---

# #dubai | വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത നിർദേശം 

> **Lead Summary:** വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ.

## Article Content

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ.

ഉൽപന്നങ്ങളുടെ സുരക്ഷയിൽ ഉറപ്പ് പറയാനാവില്ല. വാങ്ങിയ സാധനങ്ങളുടെ സർവീസ്, വിൽപ്പനാനന്തര സേവനം എന്നിവയ്ക്കു പരിമിതി ഉള്ളതിനാൽ പല തവണ ഉറപ്പിച്ച ശേഷമേ ഇടപാടുകൾ നടത്താവൂ.

വാങ്ങുന്ന സാധനങ്ങളുടെ മേന്മ പരിശോധിച്ച് ഉറപ്പിക്കാൻ ജനങ്ങൾക്കു കഴിയില്ല. പരാതിയുള്ള സാധനങ്ങൾ തിരിച്ചെടുക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം.

ഇലക്ട്രിക് സാധനങ്ങൾ മുതൽ അത്തറുകൾ വരെ ഓൺലൈനിൽ വാങ്ങി ചതിക്കപ്പെട്ടവരുണ്ട്. ലഭിച്ച പരാതികളിൽ പരിഹാരത്തിന് സൊസൈറ്റി ശ്രമം നടത്തുന്നുണ്ട്. ലഭിച്ച പരാതികളിൽ അധികവും ഇലക്ട്രിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ടാണ്.

വിലക്കുറവ് കണ്ടാണ് പലരും ഓൺലൈൻ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ വാങ്ങിയ സാധനങ്ങൾ മാറ്റിയെടുക്കേണ്ട സാഹചര്യങ്ങളിൽ അതിനുള്ള വ്യവസ്ഥയില്ല. സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവ് അംഗീകരിച്ച നിബന്ധനകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനികൾ പറയുന്നു.

മൊബൈൽ ഫോൺ വാങ്ങിയവർക്ക് ആവശ്യപ്പെട്ട മോഡലല്ല ലഭിച്ചതെന്നതാണ് പരാതി. ഇപ്രകാരം കബളിപ്പിക്കപ്പെട്ടവർക്കും പരാതി പരിഹരിക്കാൻ സാധിക്കുന്നില്ല. ഓൺലൈൻ പർച്ചേഴ്സിലൂടെ അത്തറുകൾ സ്വന്തമാക്കിയവർക്കും ഇഷ്ട ബ്രാൻഡും സുഗന്ധവും ലഭിച്ചില്ല.

പരസ്യത്തിൽ കാണിച്ചതല്ല ലഭിച്ചത്. ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് യുഎഇ. ലൈസൻസുള്ള അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങളുമായിട്ടാകണം ഇടപാടുകളെന്നും സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133347/dubai-caution-online-transactions-foreigncountries-new)