---
title: "#OMAN | ഒമാനിൽ  ഇനി മുതല്‍ പ്രവാസി തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ലഭിക്കും"
english_title: "#OMAN #Expatriate #workers #Oman #now #get #social #security"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133924/oman-expatriate-workers-oman-now-get-social-security"
published_at: "2023-07-26T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c121012393a_OMAN.jpg"
keywords: []
---

# #OMAN | ഒമാനിൽ  ഇനി മുതല്‍ പ്രവാസി തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ലഭിക്കും

> **Lead Summary:** **മസ്‌കത്ത് : **രാജകീയ ഉത്തരവ് പ്രകാരമുള്ള സാമൂഹിക സുരക്ഷാനിയമം പ്രവാസികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നു.

## Article Content

**മസ്‌കത്ത് : **രാജകീയ ഉത്തരവ് പ്രകാരമുള്ള സാമൂഹിക സുരക്ഷാനിയമം പ്രവാസികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നു.

സ്വദേശി ജീവനക്കാര്‍ക്കുള്ള സമാന വ്യവസ്ഥകളോടെ ഇനി മുതല്‍ പ്രവാസി തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ലഭിക്കും. ജോലിക്കിടയിലെ പരുക്ക്, രോഗം തുടങ്ങിയവക്കാണ് പ്രവാസി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക.

തൊഴില്‍-സേവന കാലയളവിലെ അവസാനം ലഭിക്കുന്ന ഗ്രാന്റ് അല്ലെങ്കില്‍ ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് പകരം സേവിങ്സ് സമ്പ്രദായം കൊണ്ടുവന്നു. തൊഴിലുടമയാണ് സേവിങ് നല്‍കേണ്ടത്. നിശ്ചിത വിഹിതം തൊഴിലാളിയും നല്‍കണം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമത്തിന്റെ അനുച്ഛേദം 139ലെ ഒന്നാം വ്യവസ്ഥ പ്രകാരമുള്ള പുതിയ സേവിങ്സ് സമ്പ്രദായത്തില്‍ തൊഴിലാളിയുടെ പ്രതിമാസ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനമായിരിക്കും.

സേവിങ്സ് സംവിധാനത്തിലേക്ക് തൊഴിലുടമയോ മറ്റാരെങ്കിലുമോ നല്‍കുന്ന ഏതൊരു സേവിങ്സ് തുകയും ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണം. സമ്മാനങ്ങള്‍, ഒസ്യത്ത്, സംഭാവനകള്‍ എന്നിവ ഇതിനായി നല്‍കാം. എന്നാല്‍ അത് ബന്ധപ്പെട്ട കൗണ്‍സില്‍ അംഗീകരിക്കണം.

നിശ്ചിത തീയതിക്കകം തൊഴിലുടമ വിഹിതം അടക്കണമെന്ന് അനുച്ഛേദം 140 പറയുന്നു. നിശ്ചിത തീയതി ലംഘിച്ചാല്‍ അധിക തുക അടക്കേണ്ടി വരും.

വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിച്ച മുഴുവന്‍ വിഹിതത്തിന്റെയും നിക്ഷേപത്തിന്റെയും ഉടമസ്ഥാവകാശം തൊഴിലാളിക്കായിരിക്കുമെന്ന് അനുച്ഛേദം 141 പറയുന്നു.

നിക്ഷേപത്തിലെ വരുമാനവും തൊഴിലാളിക്കായിരിക്കും. സേവിങ്സിലെ തുക തൊഴിലാളിക്ക് വിനിയോഗിക്കാന്‍ സാധിക്കുന്ന വഴികള്‍ അനുച്ഛേദം 142ല്‍ പറയുന്നു.

തൊഴിലുടമയുമായുള്ള തൊഴില്‍ ബന്ധം അവസാനിക്കുന്നതോടെ ഫണ്ടിന്റെ ഉടമസ്ഥാവകാശം തൊഴിലാളിക്ക് ലഭിക്കും. തൊഴിലാളി മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് സേവിങ്സ് ലഭിക്കും.

ഗുണഭോക്താക്കളില്ലെങ്കില്‍ സേവിങ്സ് സിസ്റ്റത്തിലേക്ക് സേവിങ്സ് മാറ്റും. ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം സ്ഥിര വൈകല്യം സംഭവിച്ചാലും സേവിങ്സ് ഉടസ്ഥാവകാശം ലഭിക്കും.

സേവിങ്സ് സമ്പ്രദായം ഉപേക്ഷിക്കുകയോ ഏതെങ്കിലും വ്യവസ്ഥകള്‍ പാലിക്കാനാകാതെയോ വരികയാണെങ്കില്‍ തൊഴിലാളി അധികൃതരെ അറിയിക്കണം.

അങ്ങനെ ചെയ്തില്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133924/oman-expatriate-workers-oman-now-get-social-security)