---
title: "#UAE | കള്ളപ്പണം വെളുപ്പിക്കൽ തടയാൻ: ലോക ബാങ്കിന്റെ നിർദേശങ്ങൾ പിന്തുടരാൻ യുഎഇ "
english_title: "#UAE #prevent #money #laundering #UAE #follow #World #Bank #recommendations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134830/uae-prevent-money-laundering-uae-follow-world-bank-recommendations"
published_at: "2023-07-29T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c54d2389c07_ANTIMONEY.jpg"
keywords: []
---

# #UAE | കള്ളപ്പണം വെളുപ്പിക്കൽ തടയാൻ: ലോക ബാങ്കിന്റെ നിർദേശങ്ങൾ പിന്തുടരാൻ യുഎഇ 

> **Lead Summary:** **അബുദാബി : **കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും തടയാൻ ഇതുവരെ ചെയ്ത നടപടികൾ അവലോകനം ചെയ്ത് വിവിധ സർക്കാർ വകുപ്പുകൾ. ലോക ബാങ്ക് സംഘവുമായി സഹകരിച്ചാണ് അവലോകന ശിൽപശാല നടത്തിയത്.

## Article Content

**അബുദാബി : **കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും തടയാൻ ഇതുവരെ ചെയ്ത നടപടികൾ അവലോകനം ചെയ്ത് വിവിധ സർക്കാർ വകുപ്പുകൾ. ലോക ബാങ്ക് സംഘവുമായി സഹകരിച്ചാണ് അവലോകന ശിൽപശാല നടത്തിയത്.

രാജ്യത്തെ എല്ലാ പ്രധാന വകുപ്പുകളും പങ്കെടുത്തു. ഇതുവരെ സ്വീകരിച്ച നടപടികളും അതിന്റെ നേട്ടങ്ങളും വിവിധ വകുപ്പുകൾ അവതരിപ്പിച്ചു. കള്ളപ്പണ ഇടപാടും തീവ്രവാദത്തിന് സഹായവും പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ഈ രണ്ട് ഇടപാടുകളുടെയും അപകടം സംബന്ധിച്ച് പൊതു, സ്വകാര്യ മേഖലയിലെ മുഴുവൻ പേരെയും ബോധവാന്മാരാക്കുന്നതിൽ ദേശീയ റിസ്ക് അസസ്മെന്റ് സംവിധാനത്തിനു നിർണായക പങ്കുണ്ടെന്നു ശിൽപശാല വിലയിരുത്തി. കള്ളപ്പണവും തീവ്രവാദ ഫണ്ടും ഒഴുകുന്ന മേഖലകൾ കണ്ടെത്തി തടയുന്നതിനുള്ള മാർഗരേഖകൾ വകുപ്പുകൾക്കിടയിൽ രൂപപ്പെടുത്തി.

ഇത്തരം കുറ്റങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള എക്സിക്യൂട്ടിവ് ഓഫിസിന്റെ ഡയറക്ടർ ജനറൽ ഹമീദ് അൽസാബി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ലോക ബാങ്ക് സംഘത്തിന്റെ മാർഗനിർദേശങ്ങൾ രാജ്യം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക, നീതിന്യായ, ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ, ഐഡന്റിറ്റി സിറ്റിസൻസ്ഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), യുഎഇ സെൻട്രൽ ബാങ്ക്, ഫിനാൻഷ്യൽ ഫ്രീ സോണുകൾ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഉൾപ്പെടെയുള്ളവർ ശിൽപശാലയുടെ ഭാഗമായി.

വിവിധ മേഖലകളിൽ തീവ്രവാദ ഫണ്ടിങ്ങിന്റെയും കള്ളപ്പണ വെളുപ്പക്കിലന്റെയും ഭീഷണി, ദേശീയതലത്തിൽ ഇത്തരം ഫണ്ടിങ്ങുകൾ അപകടകരമായി വളർന്നു, ബാങ്കിങ് മേഖലയിൽ വരാവുന്നതും നീതിന്യായ മേഖലയിൽ സംഭവിക്കാവുന്നതുമായ അപകടങ്ങൾ തുടങ്ങിയവ ശിൽപശാല വിശദമായി പരിശോധിച്ചു. തുടർന്നും അവലോകന യോഗങ്ങളും ശിൽപശാലകളും നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134830/uae-prevent-money-laundering-uae-follow-world-bank-recommendations)