---
title: "#UAE | സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി പ്രത്യേക ഫെഡറൽ പ്രോസിക്യൂഷന് അനുമതി"
english_title: "#UAE #Authorization #special #federal #prosecutions #economic #crimes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135338/uae-authorization-special-federal-prosecutions-economic-crimes"
published_at: "2023-07-31T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7be697d720_court.jpg"
keywords: []
---

# #UAE | സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി പ്രത്യേക ഫെഡറൽ പ്രോസിക്യൂഷന് അനുമതി

> **Lead Summary:** **അബുദാബി : **സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാൻ പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു മാത്രമായി പ്രോസിക്യൂഷൻ വരുന്നതോടെ കോടതി നടപടികൾ കൂടുതൽ സുഗമമാകും.

## Article Content

**അബുദാബി : **സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാൻ പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു മാത്രമായി പ്രോസിക്യൂഷൻ വരുന്നതോടെ കോടതി നടപടികൾ കൂടുതൽ സുഗമമാകും.

രാജ്യത്തെ കോടതി വ്യവഹാര നടപടികൾ കൂടുതൽ വേഗത്തിലും കുറ്റമറ്റതും ആക്കാൻ നീതിന്യായ മന്ത്രാലയവും ഫെഡറൽ ജുഡീഷ്യൽ കൗൺസിലും ചേർന്നു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം.

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി പ്രത്യേക പ്രോസിക്യൂഷൻ വേണമെന്ന യുഎഇ അറ്റോണി ജനറലിന്റെ നിർദേശം ഫെഡറൽ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി അംഗീകരിച്ചു.

സാമ്പത്തിക കുറ്റാന്വേഷണത്തിലും കള്ളപ്പണ ഇടപാടുകൾ കുറയ്ക്കുന്നതിലും പുതിയ ജുഡീഷ്യൽ സംവിധാനം ഉപകാരപ്പെടും. രാജ്യാന്തര സാമ്പത്തിക, വാണിജ്യ കേന്ദ്രമാകുന്നതിൽ യുഎഇയുടെ മൽസര ക്ഷമത വർധിപ്പിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു പിന്തുണ നൽകുന്നതിനൊപ്പം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഫലമായി സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാജ്യം സ്വീകരിക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സാധ്യമായ എല്ലാ വഴികളും തേടും.

കള്ളപ്പണം, തീവ്രവാദപണം, മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിൽ ലോകബാങ്ക് നിർദേശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ തുടർച്ചയായാണ് പ്രത്യേക പ്രോസിക്യൂഷൻ വരുന്നത്.

രാജ്യാന്തര നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാനും നിക്ഷേപത്തിനു സുരക്ഷിതമായ സ്ഥലമായി യുഎഇയെ കൂടുതൽ വികസിപ്പിക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയേണ്ടത് ആവശ്യമാണ്. വി ദ് യുഎഇ 2031 പദ്ധതിയുമായി ചേർന്നു നിൽക്കുന്നതാണ് പുതിയ പ്രോസിക്യൂഷൻ നിയമനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135338/uae-authorization-special-federal-prosecutions-economic-crimes)