---
title: "#uae | അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികൾ"
english_title: "#India's #ban #rice #exports #affect #UAE #market #traders "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135977/indias-ban-rice-exports-affect-uae-market-traders"
published_at: "2023-08-02T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca6e182d709_rice.jpg"
keywords: []
---

# #uae | അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികൾ

> **Lead Summary:** **അബുദാബി:** ഇന്ത്യയില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചെങ്കിലും യുഎഇയുടെ പ്രാദേശിക വിപണിയെ ഇത് ഉടന്‍ ബാധിക്കില്ലെന്ന് വ്യക്തമാക്കി വ്യാപാരികൾ. രാജ്യത്ത് ആവശ്യമായ അരി ഇപ്പോള്‍ സ്‌റ്റോക്കുണ്ടെന്നും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും അരിക്ഷാമം ഉണ്ടാകില്ലെന്നും പ്രമുഖ റീട്ടെയില്‍ ശൃംഖലകള്‍ വ്യക്തമാക്കി.

## Article Content

**അബുദാബി:** ഇന്ത്യയില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചെങ്കിലും യുഎഇയുടെ പ്രാദേശിക വിപണിയെ ഇത് ഉടന്‍ ബാധിക്കില്ലെന്ന് വ്യക്തമാക്കി വ്യാപാരികൾ. രാജ്യത്ത് ആവശ്യമായ അരി ഇപ്പോള്‍ സ്‌റ്റോക്കുണ്ടെന്നും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും അരിക്ഷാമം ഉണ്ടാകില്ലെന്നും പ്രമുഖ റീട്ടെയില്‍ ശൃംഖലകള്‍ വ്യക്തമാക്കി.

ആറ് മാസത്തേക്കാവശ്യമായ അരിയുടേയും അരി ഉല്‍പ്പന്നങ്ങളുടേയും ശേഖരം ഉണ്ടെന്ന് പ്രമുഖ വ്യവസായ ഗ്രൂപ്പായ കാരിഫോര്‍ അറിയിച്ചു. ഇന്ത്യയുടെ കയറ്റുമതി വിലക്ക് അരിക്ഷാമത്തിന് കാരണമാകില്ലെന്ന് എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷനും വ്യക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാന്‍, തായിലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് അരി എത്തി തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള അരിയുടെയും അരി ഉല്‍പ്പങ്ങളുടെയും കയറ്റുമതി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

നാല് മാസത്തേക്കാണ് കയറ്റുമതിക്കും പുനര്‍ കയറ്റുമതിക്കും യുഎഇ സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്തിരുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135977/indias-ban-rice-exports-affect-uae-market-traders)