---
title: "#accident |റിയാദിന്​ സമീപം കാർ മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു "
english_title: "#Malayali #youth #died #after #car #outofcontrol."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/136898/malayali-youth-died-after-car-outofcontrol"
published_at: "2023-08-06T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf608d7ca25_death.jpg"
keywords: []
---

# #accident |റിയാദിന്​ സമീപം കാർ മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു 

> **Lead Summary:** **റിയാദ്: **സൗദി മധ്യപ്രവിശ്യയിൽ റിയാദിൽനിന്ന്​ 150 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിന്​ സമീപം കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു.

## Article Content

**റിയാദ്: **സൗദി മധ്യപ്രവിശ്യയിൽ റിയാദിൽനിന്ന്​ 150 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിന്​ സമീപം കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു.

കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവിന്​ പരി​ക്കേറ്റു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീ തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ശനിയാഴ്​ച) രാത്രി ഒമ്പതിനാണ്​ സംഭവം.

ഹുത്ത ബനീ തമീമിന്​ അടുത്തുള്ള ഹരീഖ്​ പട്ടണത്തിൽ നിന്ന്​ റിയാദിലെ അൽഹൈയിറിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഹരീഖിൽനിന്ന്​ 55 കിലോമീറ്റർ പിന്നിട്ട്​ വിജനമായ സ്ഥലത്താണ് കാർ മറിഞ്ഞത്.

മരിച്ച മുഹമ്മദ് റാശിദ്​ അവിവാഹിതനാണ്. സഹോദരങ്ങളായ ജിഷാർ, റിയാസ്​ എന്നിവർ ഹരീഖിൽ ജോലി ചെയ്യുന്നു​​. ഏക സഹോദരി: റജീന. പിതാവ്​ മുഹമ്മദ് കുഞ്ഞി ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു.

മുഹമ്മദ്​ റാശിദ്​ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) സജീവ പ്രവർത്തകനാണ്​. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഹുത്ത ബനീ തമീം കെ.എം.സി.സി പ്രവർത്തകരും റിയാദ്​ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ്​ തുവ്വൂരും ഒ.ഐ.സി.സി പ്രവർത്തകൻ നാസർ ലെയ്​സും രംഗത്തുണ്ട്​. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/136898/malayali-youth-died-after-car-outofcontrol)