---
title: "#missingcase |പ്രവാസിയെ റിയാദിൽ കാണാതായി"
english_title: "#native #Kanyakumari #came #Riyadh #from #Najran #gone #missing."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/137969/native-kanyakumari-came-riyadh-from-najran-gone-missing"
published_at: "2023-08-10T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4cbf5042ef_missing.jpg"
keywords: []
---

# #missingcase |പ്രവാസിയെ റിയാദിൽ കാണാതായി

> **Lead Summary:** നജ്​റാനിൽനിന്ന്​ റിയാദിലെത്തിയ കന്യാകുമാരി സ്വദേശിയെ കാണാതായി. ജൂലൈ 25ന് നജ്റാനിൽനിന്ന് റിയാദ്​ അസീസിയയിലെ സാപ്​റ്റ്​കോ ബസ് സ്​റ്റാൻഡിൽ വന്നിറങ്ങിയ കന്യാകുമാരിയിലെ അരുമനൈ തെറ്റിവിളൈ മറുതര വിളാഗം സ്വദേശി ജോൺ സേവ്യറെ കുറിച്ചാണ്​ രണ്ടാഴ്ചയായി വിവരമൊന്നുമില്ലാത്തത്​.

## Article Content

നജ്​റാനിൽനിന്ന്​ റിയാദിലെത്തിയ കന്യാകുമാരി സ്വദേശിയെ കാണാതായി. ജൂലൈ 25ന് നജ്റാനിൽനിന്ന് റിയാദ്​ അസീസിയയിലെ സാപ്​റ്റ്​കോ ബസ് സ്​റ്റാൻഡിൽ വന്നിറങ്ങിയ കന്യാകുമാരിയിലെ അരുമനൈ തെറ്റിവിളൈ മറുതര വിളാഗം സ്വദേശി ജോൺ സേവ്യറെ കുറിച്ചാണ്​ രണ്ടാഴ്ചയായി വിവരമൊന്നുമില്ലാത്തത്​.

2022 ജൂലൈ ഒമ്പതിനാണ്​ നജ്റാനിൽ മേസൺ ജോലിക്കായി നാട്ടിൽനിന്നെത്തിയത്​. കരാറെടുത്ത്​ ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുകയും പ്രതിസന്ധിയിലാവുകയും ചെയ്​തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് ത​ന്റെ അടുത്തേക്ക്​ വരാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കഴിഞ്ഞില്ല. ഇതോടെ മാനസിക പ്രയാസത്തിലായ ജോൺ സേവ്യർ അസീസിയ ബസ് സ്​റ്റാൻഡിൽനിന്നും നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലേക്ക് വരാൻ പറഞ്ഞ സുഹൃത്ത് ചതിക്കുകയായിരുന്നെന്ന് പറയുകയായിരുന്നത്രെ.

ഇതിന് ശേഷം ആളെ കുറിച്ച്​ ഒരു വിവരവുമില്ലാതാവുകയായിരുന്നു. പിന്നീട്​ അസീസിയ ഭാഗത്ത് അലഞ്ഞുതിരിയുന്നത്​ കണ്ടതായി വിവരങ്ങൾ കിട്ടുകയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്​തു.

തുടർന്ന് ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂർ അസീസിയ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജോൺ സേവ്യറുടെ ഇഖാമ നമ്പർ ലഭ്യമല്ലാത്തതിനാൽ സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ രേഖകളൊന്നും തരാൻ തയാറായില്ല.

സ്പോൺസർ കണ്ടെത്തിക്കോളാമെന്നാണത്രെ അറിയിച്ചത്. നിലവിൽ ജോൺ സേവ്യറുടെയും റിയാദിലേക്ക് ക്ഷണിച്ച സുഹൃത്തി​ന്റെയും മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കിൽ 0530669529 നമ്പറിൽ അറിയിക്കണമെന്ന് സാമൂഹിക പ്രവർത്തകർ അഭ്യർഥിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/137969/native-kanyakumari-came-riyadh-from-najran-gone-missing)