---
title: "#uae | യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം; ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? "
english_title: "#Traveling #UAE #easy #How #apply #eVisa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138251/traveling-uae-easy-how-apply-evisa"
published_at: "2023-08-11T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d648d15b61e_evisa.jpg"
keywords: []
---

# #uae | യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം; ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? 

> **Lead Summary:** **ദുബൈ: **ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.

## Article Content

**ദുബൈ: **ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.

30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ [smartservices.icp.gov.ae](smartservices.icp.gov.ae) വഴി ലഭ്യമാണ്.

ജിസിസി താമസക്കാര്‍ക്കുള്ള ഇ-വിസയ്ക്ക് വേണ്ട രേഖകള്‍ ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ സാധുതയുള്ള താമസവിസ- കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും കാലാവധിയുള്ള വിസയാകണം. സാധുവായ പാസ്‌പോര്‍ട്ടിന്റെ കോപ്പി- ആറ് മാസത്തേക്ക് എങ്കിലും സാധുവായ പാസ്‌പോര്‍ട്ടാവണം.

കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ഐസിപി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തുക.

ഭാര്യയോ മക്കളോ ഉള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം.

ചില രാജ്യക്കാര്‍ക്ക് ഇതിന് പുറമെ അവരുടെ സ്വദേശത്തെ ഐഡന്റിറ്റി രേഖയും ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അധിക രേഖകളും ആവശ്യമെങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ആകെ 350 ദിര്‍ഹമാണ് ഫീസിനത്തില്‍ ചെലവാകുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138251/traveling-uae-easy-how-apply-evisa)