---
title: "#saudi | ഇറാനിലെ സൗദി എംബസി ഏഴുവർഷത്തിന് ശേഷം വീണ്ടും തുറന്നു ..."
english_title: "#saudi #SaudiEmbassy #Iran #reopens #after #sevenyears"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138277/saudi-saudiembassy-iran-reopens-after-sevenyears"
published_at: "2023-08-11T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6606949fb5_saudi.jpg"
keywords: []
---

# #saudi | ഇറാനിലെ സൗദി എംബസി ഏഴുവർഷത്തിന് ശേഷം വീണ്ടും തുറന്നു ...

> **Lead Summary:** **ജിദ്ദ : **ഏഴുവർഷമായി അടച്ചുപൂട്ടിയ സൗദിയുടെ ഇറാനിലെ എംബസി വീണ്ടും തുറന്നു. ടെഹ്റാനിലെ സൗദി എംബസി ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

## Article Content

**ജിദ്ദ : **ഏഴുവർഷമായി അടച്ചുപൂട്ടിയ സൗദിയുടെ ഇറാനിലെ എംബസി വീണ്ടും തുറന്നു. ടെഹ്റാനിലെ സൗദി എംബസി ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും ചൈനയുടെ മധ്യസ്ഥതയിൽ ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാൻ തീരുമാനിച്ചതിനെ തുടർന്നുള്ള നീക്കമാണിത്. ഈ വർഷം മാർച്ച് 10നാണ് ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ ഇറാനും സൗദിയും ബന്ധം പുനഃസ്ഥാപിക്കാനുള്ള ഉടമ്പടിയിൽ ഏർപ്പെട്ടത്.

തുടർന്ന് ഏപ്രിൽ ആറിന് ബെയ്ജിങ്ങിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനും ഉഭയകക്ഷി ബന്ധവും സഹകരണവും വിപുലീകരിക്കുന്നതിനും വിമാന സർവീസ് പുനരാരംഭിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ജൂൺ ആറിന് സൗദിയിലെ ഇറാന്റെ നയതന്ത്ര ദൗത്യങ്ങൾക്ക് തുടക്കംകുറിച്ചു.

റിയാദിൽ ഇറാനിയൻ എംബസിയും ജിദ്ദയിൽ കോൺസുലേറ്റും പ്രവർത്തനം പുനരാരംഭിച്ചു. ജിദ്ദയിലെ ഇസ്ലാമിക് കോഓപറേഷൻ ഓർഗനൈസേഷൻ (ഒ.ഐ.സി) ആസ്ഥാനത്ത് ഇറാനിയൻ പ്രതിനിധി കാര്യാലയവും തുറന്നു.

നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും വ്യാപാരം വർധിപ്പിക്കാനും വാണിജ്യബന്ധം പുനഃസ്ഥാപിക്കാനും ഇരു രാജ്യങ്ങളും എംബസികൾ തുറന്നതോടെ എളുപ്പമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138277/saudi-saudiembassy-iran-reopens-after-sevenyears)