---
title: "#dubai | ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ"
english_title: "#dubai #Dubai #recycle #100% #usedwater"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140879/dubai-dubai-recycle-100-usedwater"
published_at: "2023-08-21T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e39bae3873b_water.jpg"
keywords: []
---

# #dubai | ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ

> **Lead Summary:** **ദുബൈ : **അടുത്ത ഏഴു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ.

## Article Content

**ദുബൈ : **അടുത്ത ഏഴു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ.

കടൽവെള്ളമുൾപ്പടെ ശുദ്ധീകരിക്കാനുള്ള ചെലവും ഊർജ്ജവും 30 ശതമാനം കുറയ്ക്കാനും ദുബൈ മുനിസിപ്പാലിറ്റി പദ്ധതി പ്രഖ്യാപിച്ചു.

2030ഓടെ ഈ ലക്ഷ്യങ്ങൾ നേടി വലിയ കുതിപ്പാണ് ദുബൈയുടെ ലക്ഷ്യം. വെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നിരവധി തവണ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ദുബൈ ഇത്തവണ കൂടുതൽ വലിയ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2030 ആകുമ്പഴേക്കും റീസൈക്കിൾ ചെയ്ത വെള്ളത്തിന്റെ ഉപയോഗം 100 ശതമാനമാക്കും എന്നാണ് പുതിയ പ്രഖ്യാപനം. തുള്ളി പോലും പാഴാക്കില്ലെന്ന് ചുരുക്കം. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ വൈദ്യുതി ഇനത്തിലടക്കം വലിയ ചെലവാണ് ദുബൈക്ക് ഇപ്പോൾത്തന്നെ വരുന്നത്.

പുതിയ പദ്ധതികളുടെ ഭാഗമായി ഈ ചെലവ് 30 ശതമാനം കുറയ്ക്കും. എമിറേറ്റിന്റെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050 ഭാഗമായാണ് ഈ പ്രഖ്യാപനം.

ദുബായിലെ ഭാവി തലമുറകള്‍ക്കായി സുപ്രധാന ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കുക, വെള്ളം ശുദ്ധീകരിക്കാനുള്ള വൈദ്യുതി ലാഭിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.

പ്രകൃതിയുമായുള്ള ഐക്യം നിലനിർത്തുന്നതിനൊപ്പം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും മുന്‍ഗണന നല്‍കിയാണ് എപ്പോഴും ദുബായിയുടെ പദ്ധതികൾ. അഞ്ച് പതിറ്റാണ്ടിലേറെയായി ദുബൈ മുനിസിപ്പാലിറ്റിയാണ്, നഗരത്തിലെ ജലശുദ്ധീകരണ പരിപാടി നടത്തുന്നത്.

ഉപയോഗശേഷമുള്ള വെള്ളം റീസൈക്കിൾ ചെയ്ത് നിലവിൽ പാർക്കുകളം പൂന്തോട്ടങ്ങളും സംരക്ഷിക്കുന്നതിനുൾപ്പടെ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. വമ്പൻ കമ്പനികളുൾപ്പടെ ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം യുഎഇ ഇതിന് വലിയ പ്രോത്സാഹനവും നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140879/dubai-dubai-recycle-100-usedwater)