---
title: "#Qatar| ഖത്തറിൽ സ്‌കൂളുകളുടെ പരിസരങ്ങളിലെ റോഡുകളുടെ സുരക്ഷ ശക്തിപ്പെടുത്തി"
english_title: "#qatar | In Qatar, the security of roads around schools has been strengthened"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142345/qatar-in-qatar-the-security-of-roads-around-schools-has-been-strengthened"
published_at: "2023-08-28T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecc80ebaa02_road.jpg"
keywords: []
---

# #Qatar| ഖത്തറിൽ സ്‌കൂളുകളുടെ പരിസരങ്ങളിലെ റോഡുകളുടെ സുരക്ഷ ശക്തിപ്പെടുത്തി

> **Lead Summary:** **ദോഹ : **രാജ്യത്തെ 546 സ്‌കൂളുകളുടെ പരിസരങ്ങളിലെ റോഡുകളുടെ സുരക്ഷ ശക്തിപ്പെടുത്തി.

## Article Content

**ദോഹ : **രാജ്യത്തെ 546 സ്‌കൂളുകളുടെ പരിസരങ്ങളിലെ റോഡുകളുടെ സുരക്ഷ ശക്തിപ്പെടുത്തി.

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യാണ് സ്‌കൂൾ പരിസരങ്ങളിലെ റോഡുകളുടെ സുരക്ഷ കൂട്ടിയത്. 623 എണ്ണത്തിൽ 546 സ്‌കൂളുകളുടെ റോഡു സുരക്ഷാ ജോലികളും പൂർത്തിയായി കഴിഞ്ഞു. അഷ്ഗാലിന്റെ സ്‌കൂൾ സോൺ സേഫ്റ്റി പ്രോഗ്രാമിന്റെ കീഴിലാണിത്.

ആഭ്യന്തര മന്ത്രാലയം, ദേശീയ റോഡ് സുരക്ഷാ കമ്മിറ്റി എന്നിവയുമായി ചേർന്നാണിത്. ഏതൊക്കെ സ്‌കൂളുകളുടെ പരിസരങ്ങളിലാണ് റോഡ് സുരക്ഷ മെച്ചപ്പെടുത്തേണ്ടത് എന്നതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പ്രായോഗിക പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമേ സേഫ്റ്റി പദ്ധതികളും പുരോഗതിയിലാണ്.

26 സ്‌കൂളുകളുടെ സേഫ്റ്റി ഫീച്ചറുകളുടെ നിർമാണവും ഉടൻ തുടങ്ങും. ഉയർന്ന സേഫ്റ്റി മാനദണ്ഡങ്ങളോടുള്ള റോഡുകളുടെ വികസനം, വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ, ഗതാഗതം നിയന്ത്രിക്കാൻ ചെറിയ റൗണ്ട് എബൗട്ടുകളുടെ നിർമാണം, മതിയായ റോഡ് അടയാള ബോർഡുകൾ, സൈനേജുകൾ, സ്‌കൂൾ പരിസരമാണെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ റോഡുകളിൽ അടയാളപ്പെടുത്തൽ എന്നീ ജോലികളാണ് പൂർത്തിയായത്.

സ്‌കൂൾ പരിസരങ്ങളിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി 30 കിലോമീറ്ററാണ്. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ സ്പീഡ് ഹംപുകളും സ്‌കൂളുകളുടെ പ്രവേശന, എക്‌സിറ്റ് കവാടങ്ങളിൽ പ്രത്യേക കാൽനട പാതകളും റോഡ് കുറുകെ കടക്കാനുള്ള ലൈനുകളുമെല്ലാം നിർമിക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്.

2013 ൽ 10 സ്‌കൂളുകളിലായി തുടങ്ങിയ സേഫ്റ്റി പ്രോഗ്രാമാണ് ഇന്ന് 623 സ്‌കൂളുകളിലേക്ക് എത്തി നിൽക്കുന്നത്.

സ്‌കൂൾ പരിസരങ്ങളിലെ ഗതാഗത കുരുക്ക് കുറയ്ക്കുക, കാൽനടയാത്രക്കാർക്കായി പ്രത്യേക പാതകൾ, ടാറിടാത്ത താൽക്കാലിക റോഡുകൾ മെച്ചപ്പെടുത്തുക, സ്‌കൂൾ പരിസരങ്ങളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ഗതാഗതം സുഗമമാക്കുക എന്നിവയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142345/qatar-in-qatar-the-security-of-roads-around-schools-has-been-strengthened)