---
title: "#UAE | യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സമ്പാദ്യ, നിക്ഷേപ പദ്ധതി"
english_title: "#UAE #newsavings #investment #scheme #privatesector #employees #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144140/uae-newsavings-investment-scheme-privatesector-employees-uae"
published_at: "2023-09-05T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f761a62317f_UAE.jpg"
keywords: []
---

# #UAE | യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സമ്പാദ്യ, നിക്ഷേപ പദ്ധതി

> **Lead Summary:** **അബുദാബി : **ഫ്രീ സോൺ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സമ്പാദ്യ, നിക്ഷേപ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിയിൽ പങ്കാളികളാകണോ എന്ന് കമ്പനികൾക്കു തീരുമാനിക്കാം.

## Article Content

**അബുദാബി : **ഫ്രീ സോൺ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സമ്പാദ്യ, നിക്ഷേപ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിയിൽ പങ്കാളികളാകണോ എന്ന് കമ്പനികൾക്കു തീരുമാനിക്കാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സ്വകാര്യ മേഖലയ്ക്കായുള്ള പുതിയ പദ്ധതി സംബന്ധിച്ച ഫണ്ടുകളുടെ മേൽനോട്ടം സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം എന്നിവയ്ക്കായിരിക്കും.

പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് മാസം തോറും നിശ്ചിത തുക പിടിച്ച് അവ വരുമാനം ലഭിക്കുന്ന വിവിധ പദ്ധതികളിൽ നിക്ഷേപിക്കും.

ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം തൊഴിലാളികൾക്കു നൽകും. ഇതിനു പുറമേ ജീവനക്കാരുടെ സേവനാന്ത ആനുകൂല്യം ഉപയോഗിച്ച് അവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്ന വിധത്തിൽ നിക്ഷേപിക്കാനും ഉദ്ദേശിക്കുന്നു.

തൊഴിലാളികളുടെ സമ്പാദ്യം സംരക്ഷിക്കുകയും അവർ സുരക്ഷിതമായി നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ജോലി മതിയാക്കി പോകുന്ന സമയത്ത് ഈ നിക്ഷേപം തൊഴിലാളികൾക്ക് ആശ്വാസമാകും.

ഇതുൾപ്പെടെ സാമൂഹിക സ്ഥിരത, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ പ്രോത്സാഹിപ്പിക്കുന്ന 11 ഫെഡറൽ നിയമങ്ങൾക്കാണ് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144140/uae-newsavings-investment-scheme-privatesector-employees-uae)