---
title: "#bahrain | ബഹ്‌റൈനില്‍ ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വാടക നിരക്ക് കുറഞ്ഞു"
english_title: "#bahrain #Rental #rates #flats #apartments #Bahrain #dropped"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144852/bahrain-rental-rates-flats-apartments-bahrain-dropped"
published_at: "2023-09-08T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb524d7391a_building.jpg"
keywords: []
---

# #bahrain | ബഹ്‌റൈനില്‍ ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വാടക നിരക്ക് കുറഞ്ഞു

> **Lead Summary:** **മനാമ : **ബഹ്‌റൈനില്‍ ഫ്‌ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്.

## Article Content

**മനാമ : **ബഹ്‌റൈനില്‍ ഫ്‌ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്.

ഇതോടെ ഫ്‌ലാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും പറഞ്ഞു.

ടൗണ്‍ ഏരിയകളില്‍ മുമ്പ് 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ ഈടാക്കിയിരുന്ന പല അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും ഇപ്പോള്‍ 350 ദിനാര്‍ മുതല്‍ 700 ദിനാര്‍ വരെയും 400 ദിനാര്‍ മുതല്‍ 600 ദിനാര്‍ വരെ ഈടാക്കിയിരുന്ന ഫുള്‍ ഫര്‍ണിഷ്ഡ് ഡബിള്‍ റൂം ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 250 ദിനാര്‍ മുതല്‍ 400 ദിനാര്‍ വരെ നിരക്കിലും ലഭിക്കുന്നുണ്ട്.

ബുദയ്യ, ഗലാലി, തഷന്‍ എന്നിങ്ങനെ ഉള്‍പ്രദേശങ്ങളില്‍ ഇതിലും കുറഞ്ഞ നിരക്കുകളിലും ഇപ്പോള്‍ ഫ്‌ലാറ്റുകള്‍ ലഭ്യമാണ്. ജീവിത ചെലവ് കൂടിയതോടെ പല പ്രവാസികളും ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞ് ബാച്ചിലര്‍ അക്കൊമഡേഷനുകളിലേക്ക് മാറിയതും വാടക കുറയാന്‍ കാരണമായി.

വൈദ്യുതി, ജല ഉപയോഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഫ്‌ലാറ്റ് വാടകയ്‌ക്കൊപ്പം ജല, വൈദ്യുതി ബില്ല് കുത്തനെ ഉയര്‍ന്നത് കുടുംബങ്ങളുടെ തിരിച്ചു പോക്കിനും കാരണമായി.

പ്രവാസികള്‍ കൂടുതലായും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് ഫുള്‍ ഫര്‍ണിഷ്ഡ് അണ്‍ലിമിറ്റഡ് വിത്ത് ഇലക്ട്രിസിറ്റി വാടക ഉള്ള കെട്ടിടങ്ങളാണ്. കുറഞ്ഞ നിരക്കില്‍ ഫ്‌ലാറ്റുകള്‍ ലഭിക്കുമെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും മറ്റൊരു പ്രശ്‌നമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144852/bahrain-rental-rates-flats-apartments-bahrain-dropped)