---
title: "സൗദിയിൽ തുറസ്സായ സ്ഥലങ്ങളിലും തിരക്കുണ്ടെങ്കിൽ മാസ്ക് നിർബന്ധം"
english_title: "Mask is mandatory if you are busy in open spaces in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14867/mask-is-mandatory-if-you-are-busy-in-open-spaces-in-saudi"
published_at: "2021-12-07T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af0d47b9fb6_saudhi.jpg"
keywords: []
---

# സൗദിയിൽ തുറസ്സായ സ്ഥലങ്ങളിലും തിരക്കുണ്ടെങ്കിൽ മാസ്ക് നിർബന്ധം

> **Lead Summary:** **റിയാദ്:** തുറസ്സായ സ്ഥലങ്ങളിലും പൊതു പരിപാടികളിലും ജനത്തിരക്കുണ്ടെങ്കിൽ മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൾ ആലി പറഞ്ഞു. കോവിഡ് വൈറസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ പ്രതിദിന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

## Article Content

**റിയാദ്:** തുറസ്സായ സ്ഥലങ്ങളിലും പൊതു പരിപാടികളിലും ജനത്തിരക്കുണ്ടെങ്കിൽ മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൾ ആലി പറഞ്ഞു. കോവിഡ് വൈറസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ പ്രതിദിന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പള്ളികൾ പോലെ ആളുകൾ കൂടുന്ന അടഞ്ഞ ഇടങ്ങളിൽ പ്രവേശിക്കുന്നവരുടെ ആരോഗ്യനില പരിശോധിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. കൂടാതെ ശാരീരിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഡോസ് കോവിഡ് വാക്സീൻ എടുക്കുന്നത് മാസ്ക് ധരിക്കാതിരിക്കാനുള്ള ന്യായീകരണമല്ലെന്നു വക്താവ് ഊന്നിപ്പറഞ്ഞു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിനു ശേഷം പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസ് എടുക്കൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരി ഇപ്പോഴും ലോകത്തെ അലട്ടിക്കൊണ്ടിരിക്കുകയാണ്. സൗദിയിൽ ഗുരുതര കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ കേസുകളുടെ എണ്ണത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം പുതിയ കോവിഡ് കേസുകളിൽ രാജ്യം നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ മാർഗങ്ങളാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും അദ്ദേഹം ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14867/mask-is-mandatory-if-you-are-busy-in-open-spaces-in-saudi)