---
title: "#MCSubair | ആനാണ്ടി മൊയ്‌തുഹാജി പുരസ്കാരം എം.സി സുബൈറിന്"
english_title: "#MCSubair #Anti #Moituhajiaward #MCZubair"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151862/mcsubair-anti-moituhajiaward-mczubair"
published_at: "2023-10-07T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652199b8ddc24_Untitled-1.jpg"
keywords: []
---

# #MCSubair | ആനാണ്ടി മൊയ്‌തുഹാജി പുരസ്കാരം എം.സി സുബൈറിന്

> **Lead Summary:** **ദോഹ : **നാദാപുരം മേഖലയിലെ മികച്ച പൊതുപ്രവർത്തകർക്ക് നാദാപുരം യൂത്ത് ഫ്രൻ്റ്സ് ഖത്തർ നൽകുന്ന ആനാണ്ടി മൊയ്‌തുഹാജി സ്മാരക 'നിസ്വാർത്ഥ സേവന പുരസ്കാരം' നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം എം.സി സുബൈറിന്.

## Article Content

**ദോഹ : **നാദാപുരം മേഖലയിലെ മികച്ച പൊതുപ്രവർത്തകർക്ക് നാദാപുരം യൂത്ത് ഫ്രൻ്റ്സ് ഖത്തർ നൽകുന്ന ആനാണ്ടി മൊയ്‌തുഹാജി സ്മാരക 'നിസ്വാർത്ഥ സേവന പുരസ്കാരം' നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം എം.സി സുബൈറിന്.

മാധ്യമപ്രവർത്തകൻ അശ്റഫ് തൂണേരി, നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ് ബംഗ്ലത്ത്, രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ ഇ.കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവരുൾപ്പെട്ട ജൂറിയാണ് ബഹുമതിക്ക് അർഹനായ വ്യക്തിയെ തെരെഞ്ഞെടുത്തത്.

ഈ മാസം അവസാനം ദോഹയിൽ നടക്കുന്ന പത്താം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കൈമാറുമെന്ന് നാദാപുരം യൂത്ത് ഫ്രൻ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചു.

സ്ഥാനമാനങ്ങൾക്കപ്പുറം ദൈവപ്രീതി മാത്രം കാംക്ഷിച്ച് സഹജീവികളുടെ കണ്ണീരൊപ്പാൻ നിതാന്ത സേവനം നടത്തി വിടപറഞ്ഞ കല്ലാച്ചിയിലെ ആനാണ്ടി മൊയ്തു ഹാജിയുടെ പേരിലുള്ള ഈ പുരസ്കാരം മികച്ചൊരു പൊതുപ്രവർത്തകന് നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ജൂറി വിലയിരുത്തി.

വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ പൊതു രംഗത്ത് സജീവമായ എം.സി. സുബൈർ നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനാണ്. കല്ലിക്കണ്ടി എൻ.എ.എം കോളേജ് യൂണിയൻ ചെയർമാൻ, യു.യു.സി പദവികൾ വഹിച്ചു.

ശാഖാ എം.എസ്.എഫ് പ്രസിഡന്റ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുകയും പല സമരങ്ങൾക്കും നേതൃത്വം നൽകി പോലീസ് മർദ്ദനത്തിനിരയാവുകയും ചെയ്തു. നാദാപുരം താലൂക്ക് ആശുപത്രി കേന്ദ്രമായി സി.എച്ച് ഷിഫാ സെന്റർ ആരംഭിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചു.

പ്രവാസിയായി ഖത്തറിൽ കഴിഞ്ഞ കുറഞ്ഞ കാലയളവിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി. സുബൈർ മുൻകൈയെടുത്ത് സ്ഥാപിച്ച 'സീവോക്ക്' പാലിയേറ്റീവ് കെയർ ചേലക്കാടും പരിസര പ്രദേശത്തുമുള്ള നൂറുകണക്കിന് കിടപ്പു രോഗികൾക്കും നിത്യരോഗികൾക്കും ആശ്വാസമാണ്.

നാദാപുരം മണ്ഡലത്തിലെ തന്നെ ആദ്യ ഗ്രാമകേന്ദ്രം സ്ഥാപിക്കുക വഴി വികസന പ്രവർത്തനങ്ങളുടെ ഏകോപനത്തിന് പുതിയൊരു മാതൃക സൃഷ്ടിച്ചു.

'ആശ്വാസ്' പദ്ധതിയിലൂടെ തന്റെ വാർഡിലെ രോഗികൾക്ക് മരുന്ന്, ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ വിതരണം, ദരിദ്ര കുടുംബങ്ങളുടെ വീട് വൈദ്യുതീകരണം, കുടിവെള്ളവിതരണം തുടങ്ങിയവ നിർവ്വഹിച്ചുവരുന്നു. 'മെമ്പർ ഇനീഷ്യേറ്റീവ് ഫണ്ട്' രൂപീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151862/mcsubair-anti-moituhajiaward-mczubair)