---
title: "#saudi | സൗദിയിൽ ഗാർഹിക തൊഴിലാളിയാകാൻ ഇനി ഇരുപത്തി ഒന്ന് വയസ് പൂർത്തിയാകണം"
english_title: "#saudi #become #domesticworker #SaudiArabia #one #mustbe #twenty-one years #old"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/151993/saudi-become-domesticworker-saudiarabia-one-mustbe-twenty-one-years-old"
published_at: "2023-10-08T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522916836026_SAUDI.jpg"
keywords: []
---

# #saudi | സൗദിയിൽ ഗാർഹിക തൊഴിലാളിയാകാൻ ഇനി ഇരുപത്തി ഒന്ന് വയസ് പൂർത്തിയാകണം

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കുന്നതിന് വിലക്ക്. നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കുന്നതിന് വിലക്ക്. നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ തൊഴില്‍ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇതടക്കമുളള പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉള്‍ക്കൊളളുന്ന പരിഷ്‌കരിച്ച നിയമാവലിയിലാണ് പ്രായപരിധി ഉള്‍പ്പടെയുളള കാര്യങ്ങള്‍ സൗദി ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

നിയമ ലംഘകര്‍ക്കുളള ശിക്ഷാ നടപടികളും പരിഷ്‌കരിച്ച നിയമാവലിയില്‍ പറയുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും അധികൃതര്‍ വിശദീകരിച്ചു.

ദിവസവും 10 മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിപ്പിക്കരുത്. ജോലി സമയത്തിനിടയില്‍ വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കുമായി അര മണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കണം.

ഇടവേളകളിലെ വിശ്രമ സമയത്തിന് പുറമെ എല്ലാ ദിവസവും എട്ട് മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമം ഉറപ്പുകയും വേണം. ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ അവധി നല്‍കണം.

രണ്ട് വര്‍ഷത്തിലരിക്കല്‍ ഒരു മാസത്തെ അവധി അനുവദിക്കുന്നതിനൊപ്പം നാട്ടില്‍ പോകുന്നതിനും മടങ്ങി വരുന്നതിനുമുളള വിമാനടിക്കറ്റും ലഭ്യമാക്കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 30 ദിവസം മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ലീവ് ലഭ്യമാക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/151993/saudi-become-domesticworker-saudiarabia-one-mustbe-twenty-one-years-old)