---
title: "#Palestine | ഗസ്സയിലെ പലസ്തീൻ ജനങ്ങളെ കുടിയിറക്കാനുള്ള നീക്കം തള്ളി സൗദി അറേബ്യ"
english_title: "#Palestine #SaudiArabia #rejects #move #resettle #Palestinian #people #Gaza"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153682/palestine-saudiarabia-rejects-move-resettle-palestinian-people-gaza"
published_at: "2023-10-14T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ac95f317d4_SAUDI.jpg"
keywords: []
---

# #Palestine | ഗസ്സയിലെ പലസ്തീൻ ജനങ്ങളെ കുടിയിറക്കാനുള്ള നീക്കം തള്ളി സൗദി അറേബ്യ

> **Lead Summary:** **ജിദ്ദ : **പലസ്തീൻ ജനതയെ ഗസ്സയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായി സൗദി അറേബ്യ.

## Article Content

**ജിദ്ദ : **പലസ്തീൻ ജനതയെ ഗസ്സയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായി സൗദി അറേബ്യ.

വടക്കൻ ഗസ്സയിൽനിന്ന്​ 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന്​ ഇസ്രാ​േയൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ്​ സൗദി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച നിലപാട്​ വ്യക്തമാക്കിയത്. ഗസ്സയിൽ നിന്ന് പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെ പൂർണമായും തള്ളിപ്പറയുന്നതായി മന്ത്രാലയം പ്രസ്​താവനയിൽ പറഞ്ഞു.

അവിടെയുള്ള സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സിവിലിയന്മാർക്കെതിരായ എല്ലാത്തരം സൈനിക നീക്കങ്ങളും തടയാനും മാനുഷിക ദുരന്തം തടയാനും അതിവേഗ ഇടപെടൽ വേണമെന്ന അന്താരാഷ്​ട്ര സമൂഹത്തോടുള്ള ആഹ്വാനം ആവർത്തിക്കുന്നുവെന്നും പ്രസ്​താവനയിൽ വ്യക്തമാക്കി.

ഗസ്സയിലെ നിവാസികൾക്ക് ആവശ്യമായ ആശ്വാസവും ചികിത്സാ ആവശ്യങ്ങളും നൽകണം. പ്രത്യേകിച്ചും മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതകൾ അവർക്ക് നഷ്​ടപ്പെടുത്തുന്നത് അന്താരാഷ്​ട്ര മാനുഷിക നിയമത്തി​െൻറ ലംഘനമാണ്. ഈ പ്രദേശം സാക്ഷ്യം വഹിക്കുന്ന പ്രതിസന്ധിയുടെയും ദുരിതത്തി​െൻറയും ആഴം ഇത്​ വർധിപ്പിക്കും.

ഗസ്സയിലെ സഹോദരങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്​ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെടുന്നതായും പ്രസ്​താവനയിൽ ഊന്നിപ്പറഞ്ഞു.

രക്ഷാസമിതിയുടെയും ഐക്യരാഷ്​ട്രസഭയുടെയും പ്രമേയങ്ങൾക്കനുസൃതമായി സമാധാന പ്രക്രിയയും ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്താൻ ലക്ഷ്യമിടുന്ന അറബ്​ സമാധാന സംരംഭവും മുന്നോട്ട്​ കൊണ്ടുപോകണമെന്നും കിഴക്കൻ ഖുദ്​സിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികൾക്ക്​ അന​ുസൃതമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്​ടം സ്ഥാപിക്കണമെന്നും മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153682/palestine-saudiarabia-rejects-move-resettle-palestinian-people-gaza)