---
title: "#Airport | ബാഗിൽ എന്താണ് ഉളളതെന്ന  ചോദ്യം, ബോംബ് ഒന്നും കൊണ്ടു വന്നിട്ടില്ലെന്ന് മറുപടി;  പിന്നീട് സംഭവിച്ചത്..."
english_title: "#Airport #Asked #what #bag #replied #not #brought #bomb #What #happened #next"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/153695/airport-asked-what-bag-replied-not-brought-bomb-what-happened-next"
published_at: "2023-10-14T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ad2b2deb41_BAGGAGE.jpg"
keywords: []
---

# #Airport | ബാഗിൽ എന്താണ് ഉളളതെന്ന  ചോദ്യം, ബോംബ് ഒന്നും കൊണ്ടു വന്നിട്ടില്ലെന്ന് മറുപടി;  പിന്നീട് സംഭവിച്ചത്...

> **Lead Summary:** **അൽ ഖോബാർ : **ബാഗിൽ എന്താണ് ഉളളതെന്ന ചോദ്യത്തിന് ബോംബ് ഒന്നും കൊണ്ടു വന്നിട്ടില്ലെന്ന് വിമാനത്താവളത്തിൽ ജീവനക്കാരിയോട് തർക്കുത്തരം പറഞ്ഞ തമിഴ്നാട് സ്വദേശിക്ക് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ.

## Article Content

**അൽ ഖോബാർ : **ബാഗിൽ എന്താണ് ഉളളതെന്ന ചോദ്യത്തിന് ബോംബ് ഒന്നും കൊണ്ടു വന്നിട്ടില്ലെന്ന് വിമാനത്താവളത്തിൽ ജീവനക്കാരിയോട് തർക്കുത്തരം പറഞ്ഞ തമിഴ്നാട് സ്വദേശിക്ക് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ.

വിമാനത്താവള സുരക്ഷാ ജീവനക്കാരോട് സഹകരിക്കാത്തതിനും മോശം പെരുമാറ്റത്തിനുമാണ് ശിക്ഷ ലഭിച്ചതെന്ന് ഈ കേസിൽ ഇടപ്പെട്ട ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകർ പറഞ്ഞു.

സൗദിയിൽ ഒരു കംപ്യൂട്ടർ കമ്പനി ശൃഖലയിൽ ഉന്നത ഉദ്യോഗസ്ഥനായ ഇയാൾ കമ്പനി ആവശ്യത്തിനായി നിരന്തരം മറ്റു രാജ്യങ്ങളിലേക്ക് യാത്ര പതിവുള്ളതായിരുന്നു. ഇത്തവണ ദുബായിലേക്ക് പോകുവാൻ എത്തിയപ്പോഴായിരുന്നു സംഭവം.

ബാഗിൽ എന്താണ് ഉള്ളത് എന്ന് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽ അനിഷ്ടം പ്രകടിപ്പിച്ച് ധാർഷ്ഠ്യത്തോട് പറഞ്ഞ മറുപടിയാണ് കുഴപ്പത്തിൽ ചാടിച്ചതെന്നും സാമൂഹിക പ്രവർത്തകർ സൂചിപ്പിക്കുന്നു.

പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സുരക്ഷാസേനയും മറ്റും വന്ന് പരിശോധന നടത്തി കൂടുതൽ അന്വേഷണത്തിനായി അറസ്റ്റ് ചെയ്തു. യാത്ര മുടങ്ങിയതായും തിരികെ വീട്ടിലേക്ക് വരുമെന്നുമുള്ള വിവരം ഇതിനിടെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു.

തിരികെ എത്താനുള്ള സമയം കഴിഞ്ഞതോടെ ഭർത്താവ് എയർപോർട്ടിൽ കുടുങ്ങിയെന്ന് കാണിച്ച് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഭാര്യ സഹായം തേടി.

അതിനെ തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ കിഴക്കൻ പ്രവിശ്യയിലെ എംബസി ജീവകാരുണ്യവിഭാഗം വൊളന്റിയർമാരായ മഞ്ജു മണിക്കുട്ടനെയും പത്മനാഭൻ മണിക്കുട്ടനെയും ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ഇതുമായി ബന്ധപ്പെട്ട നിയമ കേന്ദ്രങ്ങളെയും പൊലീസിനെയും സമീപിച്ചപ്പോഴാണ് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മനസ്സിലായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/153695/airport-asked-what-bag-replied-not-brought-bomb-what-happened-next)