---
title: "#UAE | യുഎഇയിൽ  102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്നു വീട്ടുജോലിക്ക് ആളുകളെ നിയമിക്കാവൂ"
english_title: "#UAE #domesticworkers #hired #abroad #only #through #102approved #agencies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/155834/uae-domesticworkers-hired-abroad-only-through-102approved-agencies"
published_at: "2023-10-21T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533aaf8ac47c_HOME.jpg"
keywords: []
---

# #UAE | യുഎഇയിൽ  102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്നു വീട്ടുജോലിക്ക് ആളുകളെ നിയമിക്കാവൂ

> **Lead Summary:** **ദുബായ് : **രാജ്യത്തെ 102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്നു വീട്ടുജോലിക്ക് ആളുകളെ നിയമിക്കാവു എന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

## Article Content

**ദുബായ് : **രാജ്യത്തെ 102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്നു വീട്ടുജോലിക്ക് ആളുകളെ നിയമിക്കാവു എന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

റിക്രൂട്ടിങ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്ക് ബാധകമാണ് പുതിയ മാർഗനിർദേശം. 3 വിഭാഗങ്ങളും തൊഴിൽ അവകാശങ്ങൾ പരസ്പരം അംഗീകരിക്കണം.

അബുദാബി നഗരപരിധിയിൽ മാത്രം 18 റിക്രൂട്ടിങ് ഓഫിസുകളുണ്ട്. അൽ ദഫ്റയിൽ ഒരു ഓഫിസും അൽഐനിൽ 16 ഓഫിസുമുണ്ട്. ദുബായ് എമിറേറ്റിൽ 28 റിക്രൂട്ടിങ് ഓഫിസുകളാണ് പ്രവർത്തിക്കുന്നത്. ഷാർജയിൽ 5, കൽബയിൽ 1, ഖോർഫുഖാൻ 1, അജ്മാൻ 14, ഉമ്മുൽഖുവൈൻ 1, റാസൽഖൈമ 11, ഫുജൈറ 4, ദിബ്ബാ 1, മസാഫി 1 എന്നിങ്ങനെയാണ് അംഗീകൃത ഓഫിസുകളുടെ എണ്ണം.

ഇവയുടെ പ്രവർത്തനങ്ങൾ മന്ത്രാലയ നിരീക്ഷണത്തിലാണ്‌. നിയമം ലംഘിച്ച് എതെങ്കിലും ഓഫിസ് പ്രവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും. www.mohre.gov.ae വെബ് സൈറ്റ് സന്ദർശിച്ചാൽ അംഗീകൃത റിക്രൂട്ടിങ് ഓഫിസുകളുടെ വിവരങ്ങൾ ലഭിക്കും. അനധികൃത രീതിയിൽ വീട്ടുജോലിക്കാരെ നിയമിച്ചാൽ തൊഴിലുടമയ്ക്കു ഒരു നിയമ പരിരക്ഷയും ലഭിക്കുകയില്ല.

2022ലെ മന്ത്രിസഭാ തീരുമാനം പ്രകാരം ഏജൻസികളുടെ ഓരോ നിയമ ലംഘനത്തിനും 2000 ദിർഹമാണ് പിഴ. മന്ത്രാലയ അനുമതി കൂടാതെ റിക്രൂട്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 10000 ദിർഹമാണ് പിഴ ചുമത്തുക.

രാജ്യത്തിനു പുറത്ത് ഇടപാടുകൾക്കു മന്ത്രാലയം വിലക്കേർപ്പെടുത്തിയ സ്ഥാപനങ്ങളോ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാലും പിഴ 10,000 ദിർഹമാണ്. റിക്രൂട്ടിങിനു അധിക തുക വാങ്ങിയാൽ 5000 ദിർഹം ഏജൻസികൾക്കുള്ള പിഴ. റിക്രൂട്ടിങ് സ്ഥാപനങ്ങൾക്കെതിരെ പരാതിയുണ്ടെങ്കിൽ 600590000 നമ്പറിൽ മന്ത്രാലയത്തെ അറിയിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/155834/uae-domesticworkers-hired-abroad-only-through-102approved-agencies)