---
title: "#oman | തേജിന്‍റെ വേഗം കുറഞ്ഞു; കനത്ത കാറ്റും മഴയും തുടരും "
english_title: "#tej #cyclone #updates #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156255/tej-cyclone-updates-oman"
published_at: "2023-10-23T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653634f380526_oman.jpg"
keywords: []
---

# #oman | തേജിന്‍റെ വേഗം കുറഞ്ഞു; കനത്ത കാറ്റും മഴയും തുടരും 

> **Lead Summary:** **മസ്കത്ത്​: **അറബിക്കടലിൽ രൂപംകൊണ്ട തേജ്​ ചുഴലിക്കാറ്റ്​ തീരത്തോടടുക്കുകയാണെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്‍റെ ഫലമായുള്ള കനത്ത മഴയും കാറ്റും ദോഫാര്‍, അല്‍ വുസ്‌റ്റ ഗവര്‍ണറേറ്റുകളിൽ തുടരും. അതേസമയം കാറ്റിന്‍റെ വേഗം കാറ്റഗറി രണ്ടിൽനിന്ന് ഒന്നായി കുറഞ്ഞിട്ടുണ്ട്.

## Article Content

**മസ്കത്ത്​: **അറബിക്കടലിൽ രൂപംകൊണ്ട തേജ്​ ചുഴലിക്കാറ്റ്​ തീരത്തോടടുക്കുകയാണെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്‍റെ ഫലമായുള്ള കനത്ത മഴയും കാറ്റും ദോഫാര്‍, അല്‍ വുസ്‌റ്റ ഗവര്‍ണറേറ്റുകളിൽ തുടരും. അതേസമയം കാറ്റിന്‍റെ വേഗം കാറ്റഗറി രണ്ടിൽനിന്ന് ഒന്നായി കുറഞ്ഞിട്ടുണ്ട്.

തേജ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോഴും സലാലയിൽനിന്ന് 270 കിലോമീറ്റര്‍ അകലെയാണ്‌. പടിഞ്ഞാറ്‌ , വടക്ക് പടിഞ്ഞാറ്‌ ഭാഗത്തേക്കുള്ള ഇതിന്റെ ചലനം ഇപ്പോഴും തുടരുകയാണ്‌. മണിക്കൂറിൽ 118 മുതൽ 151 കി.മീറ്റർ വേഗതയിലാണ്​ കാറ്റ്​ വീശിക്കൊണ്ടിരിക്കുന്നത്​.

കാറ്റിന്റെ ചലനത്തിലുണ്ടായ വ്യത്യാസമനുസരിച്ച് ചൊവ്വാഴ്ച രാവിലെ യമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റില്‍ തീരം തൊടാനാണ്‌ സാധ്യതയെന്ന് സി.എ.എയുടെ പുതിയ മുന്നറിയിപ്പിൽ പറയുന്നു. അൽവുസ്ത ഗവർണറേറ്റിലും ദോഫാറിന്‍റെ തെക്കൻ ഭാഗങ്ങളിലും വരുംമണിക്കൂറുകളിൽ ശക്​തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

വിവിധ ഇടങ്ങളിൽ 50 മുതൽ 300 മി.മീറ്റർ വ​രെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകിയേക്കും. മണിക്കൂറിൽ 74 മുതൽ 129 കി.മീറ്റർ വേതയിലായിരിക്കും കാറ്റ്​ വീശുക. തിരമാലകൾ അഞ്ച്​ മുതൽ 10 മീറ്റർവരെ ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറിനിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156255/tej-cyclone-updates-oman)