---
title: "#UAE | ഗാസയിലെ ഇസ്രയേൽ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ്"
english_title: "#UAE #UAEPresident #calls #immediate #end #Israel's #attack #Gaza"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/156623/uae-uaepresident-calls-immediate-end-israels-attack-gaza"
published_at: "2023-10-24T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653802072b082_UAE.jpg"
keywords: []
---

# #UAE | ഗാസയിലെ ഇസ്രയേൽ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ്

> **Lead Summary:** **അബുദാബി : **ഗാസയിലെ ഇസ്രയേൽ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

## Article Content

**അബുദാബി : **ഗാസയിലെ ഇസ്രയേൽ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഗാസയിലെ ശത്രുത അവസാനിപ്പിക്കണമെന്നും യുഎഇ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഗാസയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നടന്ന കെയ്റോ സമാധാന ഉച്ചകോടിയിലാണ് യുഎഇ പ്രസിഡന്റിന്റെ പ്രതികരണം. ഉച്ചകോടിയിൽ ഗാസ മുനമ്പിലെ സ്ഥിതിഗതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി ചര്‍ച്ച നടത്തിയതായും യുഎഇ പ്രസിഡന്റ് അറിയിച്ചു.

സാധാരണക്കാരുടെ ജീവന് പരമാവധി സംരക്ഷണം, മാനുഷിക സഹായത്തിനുള്ള തടസ്സമില്ലാത്ത പ്രവേശനം, ഗാസ മുനമ്പിലെ ശത്രുതയ്ക്ക് ഉടനടി അന്ത്യം എന്നിവയ്ക്കുളള ആഹ്വാനങ്ങളില്‍ യുഎഇ മാറ്റമില്ലാത്ത നിലപാടുകള്‍ സ്വീകരിക്കും.

കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച റിയാദില്‍ നടന്ന ജിസിസി ആസിയാന്‍ ഉച്ചകോടിയില്‍ ഗാസ മേഖല ഗുരുതരമായ സംഘര്‍ഷം അഭിമുഖീകരിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിന്റെ പരാമര്‍ശം.

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ഉച്ചകോടിയില്‍ പങ്കെടുത്തു. ഗാസ, ജറുസലേം, വെസ്റ്റ് ബാങ്ക് എിവിടങ്ങളില്‍ നിന്ന് പലസ്തീന്‍ ജനതയെ കുടിയിറക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കി.

ക്രൂരമായ ആക്രമണം അവസാനിപ്പിക്കാനും മാനുഷിക ഇടനാഴികള്‍ തുറക്കാനും ആദ്യ ദിവസം മുതല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇത് അനുവദിച്ചില്ല. തങ്ങള്‍ തങ്ങളുടെ ഭൂമിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.

യുദ്ധത്തില്‍ വെടിനിര്‍ത്തലിനായി പ്രവര്‍ത്തിക്കാനും 2.3 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ഉറപ്പാക്കാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍ സിസി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഗാസ മുനമ്പിലെയും പലസ്തീന്‍ പ്രദേശങ്ങളിലെയും സംഘര്‍ഷം കുറയ്ക്കാന്‍ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/156623/uae-uaepresident-calls-immediate-end-israels-attack-gaza)