---
title: "യുഎഇയിൽ നിന്നും നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വർധിച്ചു"
english_title: "Travel to and from the UAE has increased"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15681/travel-to-and-from-the-uae-has-increased"
published_at: "2021-12-12T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b595371e3d4_dubai.jpg"
keywords: []
---

# യുഎഇയിൽ നിന്നും നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വർധിച്ചു

> **Lead Summary:** **അബുദാബി: **ഒമിക്രോൺ ആശങ്കയ്ക്കു അൽപം അയവു വന്നതോടെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രക്കാരുടെ എണ്ണം വർധിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. ഇതേസമയം കോവിഡിനു മുൻപുണ്ടായിരുന്ന തിരക്കിലേക്കു സീസൺ ആയിട്ടും എത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.

## Article Content

**അബുദാബി: **ഒമിക്രോൺ ആശങ്കയ്ക്കു അൽപം അയവു വന്നതോടെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രക്കാരുടെ എണ്ണം വർധിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. ഇതേസമയം കോവിഡിനു മുൻപുണ്ടായിരുന്ന തിരക്കിലേക്കു സീസൺ ആയിട്ടും എത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.

ശൈത്യകാല അവധിക്കായി സ്കൂൾ അടച്ചതോടൊപ്പം ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി പോകുന്നവരുടെയും എണ്ണം വർധിച്ചു. ഇതേ തുടർന്ന് തിരക്കു നിയന്ത്രിക്കാൻ വിവിധ എയർപോർട്ടുകളിൽ കൂടുതൽ സൗകര്യമൊരുക്കി വരികയാണ് അധികൃതർ. ഈ മാസാവസാനം വരെ യുഎഇയിൽനിന്നു വിദേശത്തേക്കുള്ള തിരക്കു തുടരുമെന്നാണ് സൂചന.

3 ആഴ്ചത്തെ ശൈത്യകാല അവധിക്കു സ്കൂൾ അടച്ചതോടെയാണ് മലയാളികൾ അടക്കമുള്ള വിദേശികൾ കുടുംബ സമേതം നാട്ടിലേക്കു പോകുന്നത്. ക്രിസ്മസ്, പുതുവത്സരഘോഷം, എക്സ്പോ 2020 എന്നിവയ്ക്കായി യുഎഇയിലേക്കു വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കോവിഡ് വാക്സീൻ യോഗ്യരായ 100% പേരും ഒരു ഡോസ് എടുക്കുകയും 91%ലേറെ പേരും 2 സ്വീകരിക്കുകയും കോവിഡ് വ്യാപനം നിയന്ത്രിക്കുകയും ചെയ്തതാണു യുഎഇയിലേക്കുള്ള യാത്രികരുടെ എണ്ണം വർധിപ്പിച്ചതെന്നാണു വിലയിരുത്തൽ.

വെള്ളി, ശനി ദിവസങ്ങളിലാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. ദുബായിൽ മാത്രം 2.5 ലക്ഷം പേർ വാരാന്ത്യങ്ങളിൽ യാത്ര ചെയ്യുന്നുണ്ട്. ഡിസംബർ അവസാന വാരം വരെ ഈ തിരക്കു തുടരും. ഈ സമയങ്ങളിൽ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തി യാത്രാനടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്കിൻ കൗണ്ടർ അടക്കും.

വൈകിവരുന്നവർക്ക് യാത്ര തുടരാനാവില്ല. തിരക്കു കുറയ്ക്കാൻ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് (ഏർളി ചെക്കിങ്) ചെക്കിങ്, സെൽഫ് ചെക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 90 മിനിറ്റ് മുൻപു മുതൽ 48 മണിക്കൂറിനകം വരെ ഓൺലൈൻ ചെക്കിങ് ചെയ്ത് ഡിജിറ്റൽ ബോർഡിങ് പാസ് സ്വന്തമാക്കി കൗണ്ടറിലെ തിരക്കിൽനിന്ന് രക്ഷപ്പെടാം. വിദേശ യാത്രാ വിലക്ക് 15നു പിൻവലിക്കുമെന്ന് അറിയിച്ച കേന്ദ്ര സർക്കാർ ഒമിക്രോൺ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നീട്ടിയത് പ്രവാസികൾക്കു തിരിച്ചടിയായി.

പല സെക്ടറിലേക്കുമുള്ള വിമാനങ്ങളിൽ സീറ്റില്ല. ഉള്ളതിൽ തന്നെ കൂടിയ നിരക്കും. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്കു കൂടുതൽ തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. മാറിയ സാഹചര്യത്തിൽ യുഎഇയിലെ തൊഴിൽ സാധ്യതകൾ മറ്റു രാജ്യക്കാർ പ്രയോജപ്പെടുത്തുമ്പോൾ ഇന്ത്യക്കാർക്കു അവ നഷ്ടമാകുകയാണ്. ഈ മാസം 15ന് ഷാർജ, ദുബായ്, അബുദാബി സെക്ടറിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ 13,000 മുതൽ 28,000 രൂപ വരെയാണ് നിരക്ക്. ഇന്ത്യ–യുഎഇ സെക്ടറിൽ എയർബബ്ൾ കരാർ തുടരുന്നതുമൂലം മതിയായ വിമാനത്തിന്റെ അഭാവം പ്രശ്നം സൃഷ്ടിക്കുന്നു. സാധാരണ വിമാന സർവീസ് പുനരാരംഭിച്ചാലേ ഈ സെക്ടറിലെ തിരക്കും നിരക്കും കുറയൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15681/travel-to-and-from-the-uae-has-increased)