---
title: "#death | ജിദ്ദ നവോദയ പ്രവർത്തകനായ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#youngman #from #Kasaragod #who #Navodaya #active #worker #passedaway #country."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157051/youngman-from-kasaragod-who-navodaya-active-worker-passedaway-country"
published_at: "2023-10-26T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a2448d18c2_death.jpg"
keywords: []
---

# #death | ജിദ്ദ നവോദയ പ്രവർത്തകനായ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **നവോദയ സജീവ പ്രവർത്തകനായിരുന്ന കാസർകോഡ് സ്വദേശിയായ യുവാവ് നാട്ടിൽ അന്തരിച്ചു.

## Article Content

**ജിദ്ദ: **നവോദയ സജീവ പ്രവർത്തകനായിരുന്ന കാസർകോഡ് സ്വദേശിയായ യുവാവ് നാട്ടിൽ അന്തരിച്ചു.

പുല്ലാഴി രാജപുരം സ്വദേശി ജാക്സൺ മാർക്കോസ് (31) ആണ് മരിച്ചത്. കാൻസർ ബാധിതനായിരുന്ന ഇദ്ദേഹം രണ്ട് മാസങ്ങൾക്ക് മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കൽ ശാസ്‌ത്രക്രിയയുമെല്ലാം കഴിഞ്ഞു വിശ്രമത്തിലിരിക്കെ വ്യഴാഴ്ച പുലർച്ചെയായിരുന്നു മരണം.

അഞ്ച് വർഷത്തോളമായി ശറഫിയ അൽ അബീർ ഗ്രൂപ്പിൽ പ്രൊജക്റ്റ് എക്സിക്യൂട്ടിവ് ആയി ജോലിചെയ്തുവരികയായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഏരിയ അൽ അബീർ യൂനിറ്റിലെ സജീവ പ്രവർത്തകനായിരുന്ന ജാക്സൺ മാർക്കോസ് സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപ്പപ്പോൾ ഫേസ്ബുക്ക്‌ പോസ്റ്റുകളിലൂടെ അറിയിച്ചിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് നവോദയ പ്രവർത്തകർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഏറെ നോവായിരിക്കുകയാണ്.

പിതാവ്: മാർക്കോസ് ചാക്കോ, മാതാവ്: ത്രേസിയാമ്മ മാർക്കോസ്, ഭാര്യ: മോബി (ജിദ്ദയിൽ നഴ്‌സ്), മക്കൾ: മറിസാ മാർക്കോസ്, ജോബ് മാർക്കോസ്. മൃതദേഹ സംസ്ക്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് ശേഷം 2:30 ന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157051/youngman-from-kasaragod-who-navodaya-active-worker-passedaway-country)