---
title: "#uae |സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം; ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക്"
english_title: "#ch #national #service #award #muhammad #basheermp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157130/ch-national-service-award-muhammad-basheermp"
published_at: "2023-10-26T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a6cd3d770d_gcc.jpg"
keywords: []
---

# #uae |സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം; ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക്

> **Lead Summary:** **യുഎഇ : ** മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ജനപ്രിയ നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ ഓർമക്കായ് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിവരുന്ന സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് .

## Article Content

**യുഎഇ : ** മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ജനപ്രിയ നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ ഓർമക്കായ് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിവരുന്ന സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് .

28ന് ശനിയാഴ്ച രാത്രി 7മണിക്ക് ദുബൈ അൽ ബറാഹയിലെ ഗവൺമെന്റ് വിമൻസ് അസോസിയേഷൻ ആസ്ഥാനത്ത് ഡോ.പി.എ ഇബ്രാഹിം ഹാജി നഗറിൽ നടക്കുന്ന സിഎച്ച് മുഹമ്മദ് കോയ ഇന്റർനാഷണൽ സമ്മിറ്റിൽ അവാർഡ് സമർപ്പിക്കുമെന്ന് കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പ്രസംഗിക്കും.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ കെട്ടുറപ്പിനും ജനാധിപത്യ-മതനിരപേക്ഷ മുല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പാർലമെന്ററി രംഗത്തും പുറത്തും ശക്തമായ ഇടപെടലുകൾ നടത്തിവരുന്ന രാഷ്ട്രീയ നേതാക്കൾക്കാണ് സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം നൽകിവരുന്നത്.

മുൻ വർഷങ്ങളിൽ ഡോ.ശശി തരൂർ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ എന്നിവർക്കാണ് പുരസ്കാരം നൽകിയത്. നാടിന്റെ പുരോഗതിക്കും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള എഴുത്ത്, പ്രഭാഷണം, നിയമനിർമ്മാണ സഭകളിൽ നടത്തുന്ന ക്രിയാത്മകമായ ഇടപെടൽ എന്നിവ മുൻനിർത്തിയാണ് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് ഓരോ വർഷവും രാഷ്ട്രീയ നേതാക്കളെ ജൂറി തെരഞ്ഞെടുക്കുന്നത്.

ഡോ.സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, ടി.ടി ഇസ്മായിൽ, സി.കെ.സുബൈർ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.

സിഎച്ച് മുഹമ്മദ് കോയ ഇന്റർനാഷണൽ സമ്മിറ്റിൽ അറബ് പ്രമുഖരും വ്യവസായ പ്രമുഖരും പങ്കെടുക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും.

വാർത്താസമ്മേളനത്തിൽ കെഎംസിസി ജില്ലാ ഭാരവാഹികളായ നാസർ മുല്ലക്കൽ, മൊയ്തു അരൂർ, ഹംസ കാവിൽ, തെക്കയിൽ മുഹമ്മദ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, മജീദ് കൂനഞ്ചേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157130/ch-national-service-award-muhammad-basheermp)