---
title: "#AirIndia | മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ "
english_title: "Air India cuts services from Muscat to Calicut"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158209/air-india-cuts-services-from-muscat-to-calicut"
published_at: "2023-10-30T23:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ff63be0e2c_air_india.jpg"
keywords: []
---

# #AirIndia | മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ 

> **Lead Summary:** **മസ്‌കറ്റ് : **മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് നവംബറില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുണ്ടാവുക.

## Article Content

**മസ്‌കറ്റ് : **മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് നവംബറില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുണ്ടാവുക.

നേരത്തെ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നവംബറില്‍ മൂന്ന് ദിവസങ്ങളിലായി നാല് സര്‍വീസുകള്‍ മാത്രമാണ് നടത്തുകയെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുള്ളത്. വ്യാഴാഴ്ച രണ്ട് സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്കുള്ള ശനി, വ്യാഴം ദിവസങ്ങളിലെ രണ്ടാം സര്‍വീസിനാണ് സമയത്തില്‍ മാറ്റമുണ്ടായത്.

ശനിയാഴ്ച ഉച്ചയ്ക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 05.05ന് കോഴിക്കോടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സര്‍വീസും ഉച്ചയ്ക്ക് 11.40ന് പുറപ്പെട്ട് വൈകിട്ട് 05.05ന് കോഴിക്കോടേത്തും.

കോഴിക്കോട് നിന്ന് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്‌കറ്റിലേക്ക് സര്‍വീസുള്ളത്. ശനി, വ്യാഴം ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് 8.10ന് പുറപ്പെടുന്ന വിമാനം 10.40ന് എത്തും. തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.50നാണ് മസ്‌കറ്റില്‍ എത്തുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 3.30ന് എത്തും. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളും സലാലയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങളും തുടരും.

അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചിട്ടുണ്ട്. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.

നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാവുന്നതാണ്. ഇതോടെ കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും.

ചൊവ്വ,ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു നിലവില്‍ സര്‍വീസ്. നവംബര്‍ മുതല്‍ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും. ഇതിനൊപ്പം ബുധനാഴ്ച കൂടി ചേരുന്നതോടെ ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158209/air-india-cuts-services-from-muscat-to-calicut)