---
title: "വീസക്കച്ചവടത്തിന് പൂട്ടിടാന്‍ കുവൈത്ത്; തൊഴിൽ ‌വിപണിയിൽ കൃത്രിമം തടയുന്നതിന് നടപടികൾ ശക്തമാക്കും "
english_title: "Kuwait to close visa ban; Measures will be strengthened to prevent fraud in the labor market"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15833/kuwait-to-close-visa-ban-measures-will-be-strengthened-to-prevent-fraud-in-the-labor-market"
published_at: "2021-12-13T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7112de885e_kuwait.jpg"
keywords: []
---

# വീസക്കച്ചവടത്തിന് പൂട്ടിടാന്‍ കുവൈത്ത്; തൊഴിൽ ‌വിപണിയിൽ കൃത്രിമം തടയുന്നതിന് നടപടികൾ ശക്തമാക്കും 

> **Lead Summary:** **കുവൈത്ത് സിറ്റി : **തൊഴിൽ ‌വിപണിയിൽ കൃത്രിമം തടയുന്നതിന് നടപടികൾ ശക്തമാക്കാൻ മാൻപവർ അതോറിറ്റി. വീസക്കച്ചവടത്തിനുള്ള ‌വഴികൾ പരിപൂർണമായി അടയ്ക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര ലൈസൻസുകൾ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാൻ ‌തീരുമാനിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **തൊഴിൽ ‌വിപണിയിൽ കൃത്രിമം തടയുന്നതിന് നടപടികൾ ശക്തമാക്കാൻ മാൻപവർ അതോറിറ്റി. വീസക്കച്ചവടത്തിനുള്ള ‌വഴികൾ പരിപൂർണമായി അടയ്ക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര ലൈസൻസുകൾ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാൻ ‌തീരുമാനിച്ചു.

രേഖകളിൽ മാത്രമുള്ള സ്ഥാപനങ്ങളുടെ മറവിൽ ‌വീസ സമ്പാദിച്ച് വിദേശികളെ കുവൈത്തിൽ എത്തിക്കുന്ന പ്രവണത ‌പൂർണമായും ഇല്ലാതാക്കാനാണ് നീക്കം. ഓരോ ലൈൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് അനിവാര്യമായ തൊഴിൽ ശേഷി സംബന്ധിച്ച കണക്കെടുപ്പ് അതോറിറ്റി ആഗ്രഹിക്കുന്നു.

സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കരാർ കമ്പനികളുമായും കൃത്യമായ കണക്കെടുപ്പുണ്ടാകും. വീസക്കച്ചവടത്തിന് അത്തരം ചില കമ്പനികളുടെ ലൈസൻസും മറയാക്കുന്നുവെന്ന പരാതികളെ തുടർന്നാണിത്. ഗാർഹിക തൊഴിൽ മേഖലയിൽ ആളുകളെ നൽകുന്നതിനുള്ള സ്ഥാപനങ്ങളാണ് വീസക്കച്ചവടത്തിൻറെ മറ്റൊരു കേന്ദ്രമായി കണക്കാക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മന്ദഗതിയിലായിരുന്ന പരിശോധന ശക്തമായി പുനരാരംഭിക്കാനാണ് തീരുമാനം. അതേസമയം വിവിധ മേഖലകളിൽ ‌വിദേശികളെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നവരുടെ എണ്ണം വർധിച്ചതായി മാൻപവർ അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ വിദ്യാലയങ്ങൾ, റസ്റ്ററന്റുകളും ‌പോഷകാഹാര നിർമാണ സ്ഥാപനങ്ങളും, തോട്ടം ‌പരിചാരകരും സെക്യൂരിറ്റിക്കാരും, ശുചീകരണ തൊഴിലാളികളും ക്ലർക്കുമാരും, കരാർ കമ്പനികളും നിർമാണ കമ്പനികളും, മത്സ്യത്തൊഴിലാളികളും കൃഷിക്കാരും തുടങ്ങിയ വിഭാഗങ്ങളിൽ ‌വീസയ്ക്കാണ് കൂടുതൽ അപേക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15833/kuwait-to-close-visa-ban-measures-will-be-strengthened-to-prevent-fraud-in-the-labor-market)