---
title: "#RAIN | ജിദ്ദയിലും മക്കയിലും മഴ; വെള്ളക്കെട്ടുകൾ ഗതാഗത തടസ്സമുണ്ടാക്കി"
english_title: "#Rain #Jeddah #Makkah #waterlogs #caused #traffic #jams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/162543/rain-jeddah-makkah-waterlogs-caused-traffic-jams"
published_at: "2023-11-15T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554ee958726c_rain.jpg"
keywords: []
---

# #RAIN | ജിദ്ദയിലും മക്കയിലും മഴ; വെള്ളക്കെട്ടുകൾ ഗതാഗത തടസ്സമുണ്ടാക്കി

> **Lead Summary:** **ജിദ്ദ: **പടിഞ്ഞാറൻ മേഖലയിൽ ജിദ്ദ, മക്ക എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച സാമാന്യം നല്ല മഴ പെയ്​തു.

## Article Content

**ജിദ്ദ: **പടിഞ്ഞാറൻ മേഖലയിൽ ജിദ്ദ, മക്ക എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച സാമാന്യം നല്ല മഴ പെയ്​തു.

ഉച്ചയോടെയാണ്​ പടിഞ്ഞാറൻ മേഖലയുടെ ചില ഭാഗങ്ങളിൽ മഴ ആരംഭിച്ചത്. രാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു. ചില പ്രദേശങ്ങളിൽ മഴ ശക്തമായതോടെ താഴ്​ന്ന റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടാവുകയും ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തു.

ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. ജിദ്ദയിലെ ഉമ്മു സലമിൽ 66 മില്ലിമീറ്ററും ഹയ്യ്​ അമീർ ഫവാസിൽ 52 മില്ലിമീറ്ററും മഴ പെയ്​തതായി മക്ക മേഖല ഗവർണറേറ്റ്​ വ്യക്തമാക്കി.

ആദ്യത്തെ രണ്ട്​ മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴയുണ്ടായത്​ പഴയ മക്ക റോഡിലെ ഉമ്മു സലം ഏരിയയിലാണെന്നും ജിദ്ദ മേഖലയുടെ വിവിധ ഭാഗങ്ങളിൽ മഴയുടെ അളവിൽ വ്യത്യാസമുണ്ടെന്നും ചില മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വക്താവ്​ ഹസൻ കഹ്​താനി പറഞ്ഞു.

ജിദ്ദ, മക്ക​ മേഖലകളിൽ ബുധനാഴ്​ച വൈകീട്ട്​ വരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് റെഡ് അലർട്ടും പുറപ്പെടുവിച്ചിരുന്നു.

മഴക്കെടുതികൾ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്​ച അവധി നൽകിയിരുന്നു.​ ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് അവധിയും നൽകിയിരുന്നു.

അതേസമയം രാജ്യത്തിൻറെ കിഴക്കൻ, റിയാദ് പ്രവിശ്യകളിൽ ഇന്ന് (വ്യാഴം) കാറ്റിനും ആലിപ്പഴ വർഷത്തോടെയുള്ള മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഈ പ്രദേശങ്ങളിൽ ഇന്ന് ഉച്ചക്ക് ഒരു മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രത പുലർത്തണമെന്നും അപകടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/162543/rain-jeddah-makkah-waterlogs-caused-traffic-jams)