റാസൽഖൈമ : എമിറേറ്റിലെ മുവൈരിദ് മേഖലയിലെ ഹോട്ടൽ നീന്തൽക്കുളത്തിൽ നാലുവയസ്സുള്ള സ്വദേശി ബാലനും 23 വയസ്സുള്ള ഇത്യോപ്യൻ വീട്ടുജോലിക്കാരിയും മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റാസൽഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹോട്ടലിൽ നാലു ദിവസത്തെ താമസത്തിനായി അബുദാബിയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവർ. സംഭവം നടന്ന ദിവസം രാത്രി എട്ടു മണിയോടെ ഹോട്ടലിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന അതിഥികളിൽ ഒരാളാണ് നീന്തൽക്കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്.
ഹോട്ടലിലെ ജീവനക്കാരിലൊരാൾ കുളത്തിലിറങ്ങി മൃതദേഹങ്ങൾ കരയിൽ എത്തിച്ചു. ആ സമയത്ത് കുളത്തിലേക്കുള്ള പ്രവേശനം അടച്ചിരുന്നു, ലൈഫ് ഗാർഡും ഉണ്ടായിരുന്നില്ല.
കുട്ടിയും ഇത്യോപ്യൻ വീട്ടുജോലിക്കാരിയും എങ്ങനെയാണ് നീന്തൽക്കുളത്തിലെത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം സഖർ ഹോസ്പിറ്റൽ മോർച്ചറിയിലേയ്ക്ക് മാറ്റി. വീട്ടുജോലിക്കാരിയുടെ മൃതദേഹം ഒബൈദല്ല ആശുപത്രിയിലേക്കു കൊണ്ടുപോയി. അൽ മമൂറ പൊലീസ് ദൃക്സാക്ഷികളെയും ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യുന്നു.
Four-year-old boy and maid found dead in swimming pool