---
title: "സ്ത്രീ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് യുഎഇ; ഇന്ത്യയിലെ സംഘടനകളും സഹകരിക്കും"
english_title: "UAE aims at women's self-sufficiency; Organizations in India will also cooperate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16452/uae-aims-at-womens-self-sufficiency-organizations-in-india-will-also-cooperate"
published_at: "2021-12-17T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc0438affc0_uae.jpg"
keywords: []
---

# സ്ത്രീ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് യുഎഇ; ഇന്ത്യയിലെ സംഘടനകളും സഹകരിക്കും

> **Lead Summary:** **ഷാർജ:** രാജ്യാന്തര തലത്തിൽ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് യുഎഇ നേതൃത്വത്തിൽ ബഹുമുഖ കർമപരിപാടികൾ നടത്തും. അർഹരായവർക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകി സ്വന്തം നിലയ്ക്കു ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കും.

## Article Content

**ഷാർജ:** രാജ്യാന്തര തലത്തിൽ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് യുഎഇ നേതൃത്വത്തിൽ ബഹുമുഖ കർമപരിപാടികൾ നടത്തും. അർഹരായവർക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകി സ്വന്തം നിലയ്ക്കു ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കും.

സ്വയംപര്യാപ്ത നേടാൻ ഓരോ വനിതയെയും പ്രാപ്തമാക്കുകയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നി ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള 'നമ' വിമൻ അഡ്വാൻസ്മെന്റിന്റെ ലക്ഷ്യം.

2015ൽ രൂപീകൃതമായ 'നമ' ആഫ്രിക്കൻ രാജ്യങ്ങളിലടക്കം ഒട്ടേറെ പദ്ധതികൾ നടപ്പാക്കുകയാണ്. ആയിരക്കണക്കിനു വനിതകൾക്ക് പ്രയോജനം ലഭിച്ചു. ഇതിനായി 2016ൽ ഒരുകോടി ദിർഹം വകയിരുത്തിയിരുന്നു.

വനിതാശാക്തീകരണം ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്കു രൂപം നൽകുക, സാമ്പത്തിക, തൊഴിൽ, സാമൂഹിക മേഖലകളിൽ കൂടുതൽ അവസരങ്ങളൊരുക്കുക, കുടുംബത്തിന്റെയും രാജ്യത്തിന്റെയും പുരോഗതി ഉറപ്പാക്കുക എന്നിവയാണ് പ്രവർത്തന പരിപാടികൾ.

രാജ്യാന്തര സംഘടനകളുടെ സഹകരണത്തോടെ വനിതകളുടെ സാമൂഹിക ഉന്നമനവും സുരക്ഷയും ഉറപ്പാക്കുകയും സംരംഭങ്ങൾക്കു സഹായം നൽകുകയും ചെയ്യും. വിദ്യാഭ്യാസ, സാമൂഹിക, തൊഴിൽ മേഖലകളിലടക്കം വനിതകൾക്കു തുല്യ പരിഗണന ഉറപ്പാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ഇന്ത്യയിലെ സാമൂഹിക സംഘടനകളും 'നമ'യുമായി സഹകരിക്കുന്നുണ്ട്.

പാക്കിസ്ഥാനിൽ ആസിഡ് ആക്രമണങ്ങൾക്കു വിധേയരായ വനിതകൾക്കു മാനസിക പിന്തുണ നൽകി ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്കു മടങ്ങിവരാൻ വഴിയൊരുക്കി.

സംഘർഷ ബാധിത മേഖലകളിൽ കുട്ടികളെയും വനിതകളെയും സംരക്ഷിക്കാൻ യുഎഇയിലെ 'ബിഗ് ഹാർട്ട് ഫൗണ്ടേഷൻ', 'സേവ് ദ് ചിൽഡ്രൻ' പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നെന്ന് നമ ഡയറക്ടർ റീം ബിൻ കരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16452/uae-aims-at-womens-self-sufficiency-organizations-in-india-will-also-cooperate)