റിയാദ്: രോഗിയായപ്പോൾ കെട്ടിടത്തിന്റെ ടെറസിൽ ഉപേക്ഷിക്കപ്പെട്ട ഉത്തര്‍പ്രദേശിയെ സ്വദേശി മലയാളികളുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. പ്രമേഹം മൂർഛിച്ച് കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് ഒപ്പം താമസിക്കുന്നവർ അദ്ദേഹത്തെ മുറിക്ക് പുറത്താക്കിയത്.
റിയാദിൽ (Riyadh) ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശ് മഹാരാജ്ഖണ്ഡ് സ്വദേശി ജാഹിർ അലി (59) ആണ് താമസ കെട്ടിടത്തിന്റെ ടെറസിൽ കഴിഞ്ഞിരുന്നത്. സന്ദർശക വിസയിൽ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ എത്തിയ ജാഹിർ അലിയുടെ മകൻ പിതാവിനെ തന്റെ അടുത്ത് എത്തിക്കാൻ റിയാദിലുള്ള ടാക്സി ഡ്രൈവർ സാദിഖ് വല്ലപ്പുഴയെ ഏൽപിക്കുകയായിരുന്നു.
ഇതനുസരിച്ച് അദ്ദേഹത്തിന്റെ കൊണ്ടുപോകാൻ വേണ്ടി റിയാദിലെ താമസസ്ഥലത്ത് ചെന്നപ്പോഴാണ് ടെറസിൽ കഴിയുന്ന രോഗിയെ കണ്ടത്. കാലിലെ മുറിവ് പഴുത്ത് ദുർഗന്ധം വമിക്കുന്നതിനാൽ റൂമിലുള്ളവർ കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റുകയായിരുന്നു. ജാഹിർ അലിയുടെ ദയനീയാവസ്ഥ കണ്ട സാദിഖ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് സഹായം തേടി.
കൺവീനർ യൂസുഫിന്റെ നേതൃത്വത്തിൽ ജുബൈലിൽ നിന്നെത്തിയ ജാഹിർ അലിയുടെ മകനും ചേർന്ന് അടിയന്തിര ചികിത്സക്കായി റിയാദ് ശുമൈസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ കടുത്ത അണുബാധയുണ്ടെന്നും ഇത് ജീവന് അപകടമാണെന്നും പരിശോധിച്ച ഡോക്ടർ അറിയിച്ചു. തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ കാൽ മുറിച്ചു. അപകടനില തരണം ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് റൂമിൽ തിരിച്ചെത്തി. എന്നാൽ വീണ്ടും ആരോഗ്യനില വഷളായതിനെ തുടർന്ന് അമീർ മുഹമ്മദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്‍ത ജാഹിർ അലിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കെ.എം.സി.സി പ്രവർത്തകർ നടത്തി. എയർപ്പോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിൽ വിരലടയാളമുൾപ്പെടെ ചില സാങ്കേതിക പ്രശ്‍നമുണ്ടായതിനെ തുടർന്ന് ആദ്യ തവണ തിരിച്ചയച്ചു. തുടർന്ന് ഉദ്യോഗസ്ഥരുടെ സഹായത്താൽ പ്രശ്‍നപരിഹാരമുണ്ടാക്കി വ്യാഴാഴ്ച യു.പിയിലേക്കുള്ള സ്‍പൈസ് ജെറ്റ് വിമാനത്തിൽ നാട്ടുകാരനായ ജാവേദിന്റെ കൂടെ യാത്രയാക്കി.
വെൽഫെയർ വിങ്ങ് മെഡിക്കൽ ടീം സുഫ്യാൻ ചൂരപ്പുലാൻ, ഹബീബ്, ഷബീർ, അബ്ദുൽ സമദ്, ഇർഷാദ് തുവ്വൂർ, നേവൽ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ ആഷിഖ്, ഷറഫ് എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
Friends avoided when the wound was ripe and stinking; The expatriate was assisted by social workers