---
title: "#Drugs | ഷാർജയിൽ ഈ വർഷം പിടികൂടിയത് കോടികളുടെ ലഹരിമരുന്ന്; 551 ലഹരിമരുന്ന് കടത്തുകാരും വിതരണക്കാരും അറസ്റ്റിൽ"
english_title: "#Drugs #worth #crores #seized #Sharjah #year #551 #drugsmugglers #distributors #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170561/drugs-worth-crores-seized-sharjah-year-551-drugsmugglers-distributors-arrested"
published_at: "2023-12-19T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65819057c1672_drugs.jpg"
keywords: []
---

# #Drugs | ഷാർജയിൽ ഈ വർഷം പിടികൂടിയത് കോടികളുടെ ലഹരിമരുന്ന്; 551 ലഹരിമരുന്ന് കടത്തുകാരും വിതരണക്കാരും അറസ്റ്റിൽ

> **Lead Summary:** **ഷാർജ: [ **ഈ വർഷം ജനുവരി മുതൽ നവംബർ 30 വരെ 551 ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും ഷാർജ പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

## Article Content

**ഷാർജ: [ **ഈ വർഷം ജനുവരി മുതൽ നവംബർ 30 വരെ 551 ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും ഷാർജ പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

1,051,000 കിലോ ഹാഷിഷ്, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവയും 70 ലക്ഷത്തി 80,000 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി അറിയിച്ചു.

ഇതിന് 104,117,446 ദിർഹം മൂല്യം വരും. സമൂഹമാധ്യമങ്ങളിലെ 785 ഇലക്ട്രോണിക് അക്കൗണ്ടുകളും പൊലീസ് പിടികൂടി നിരീക്ഷിച്ചു. ഇവർ ലഹരിമരുന്ന് പദാർഥങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നതായി കണ്ടെത്തുകയുമുണ്ടായി.

ഇന്റർനെറ്റിലൂടെയും പ്രത്യേകിച്ച് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെയും ലഹരിമരുന്ന് പ്രോത്സാഹിപ്പിക്കുന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഷാർജ പൊലീസ് പറഞ്ഞു.

നിയന്ത്രിത വേദനസംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ എന്നിവയുൾപ്പെടെ വിവിധ തരം ലഹരിമരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ചില ഫോണുകളിലേയ്ക്ക് പതിവായി കടത്തുകാർ ശബ്ദ സന്ദേശങ്ങളോ അല്ലാതെയോ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

ലഹരിമരുന്നിന്റെ അപകടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ അവ ഏറ്റവുമധികം ലഭ്യമാക്കുന്നതിനാൽ അവബോധം വളർത്തുന്നതിൽ വകുപ്പ് ശ്രമങ്ങൾ നടത്തിവരുന്നു. അതേസമയം, ഷാർജ പൊലീസ് അതിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ലഹരിമരുന്ന് പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരം നടത്തുന്നതിനുമുള്ള ക്രിമിനൽ പദ്ധതികളെ പരാജയപ്പെടുത്താൻ കഴിഞ്ഞു.

അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ 'ബ്ലാക്ക് ബാഗ്സ്', 'ഡെലിവറി കമ്പനീസ്', 'അൺവീലിങ് കർട്ടൻ' എന്നീ ഓപ്പറേഷനുകളാണ്. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രിത മരുന്നുകളുടെയോ മറ്റോ വിൽപന പ്രോത്സാഹിപ്പിക്കുന്ന ഏത് ഫോൺ നമ്പറും ബ്ലോക്ക് ചെയ്യാനും റിപോർട്ട് ചെയ്യാനും ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ലഹരിമരുന്ന് പ്രോത്സാഹനം കൈകാര്യം ചെയ്യുന്നതിനും റിപോർട്ട് ചെയ്യുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും സമൂഹത്തോട് ആവശ്യപ്പെട്ടു. 8004654 എന്ന ഹോട്ട്‌ലൈനിലോ ഷാർജ പൊലീസ് ആപ്പിലോ വെബ്‌സൈറ്റിലോ dea@shjpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലോ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ അറിയിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170561/drugs-worth-crores-seized-sharjah-year-551-drugsmugglers-distributors-arrested)