---
title: "#Kuwait |  കുവൈത്തിൽ പുതിയ കിരീടാവകാശി ഒരു വർഷത്തിനുള്ളിൽ "
english_title: "#New #crown #prince #Kuwait #year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170613/new-crown-prince-kuwait-year"
published_at: "2023-12-19T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581bcaee4863_prince.jpg"
keywords: []
---

# #Kuwait |  കുവൈത്തിൽ പുതിയ കിരീടാവകാശി ഒരു വർഷത്തിനുള്ളിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി: [** മുൻഗാമിയെ പോലെ തന്നെ പുതിയ കുവൈത്ത് ഭരണാധികാരിയും 80 വയസ്സ് കഴിഞ്ഞ ശേഷമാണ് അധികാരമേറ്റെടുക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളിൽ പുതിയ ഭരണാധികാരി ഉടനടി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

## Article Content

**കുവൈത്ത് സിറ്റി: [** മുൻഗാമിയെ പോലെ തന്നെ പുതിയ കുവൈത്ത് ഭരണാധികാരിയും 80 വയസ്സ് കഴിഞ്ഞ ശേഷമാണ് അധികാരമേറ്റെടുക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളിൽ പുതിയ ഭരണാധികാരി ഉടനടി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മുൻഗാമിയായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റത് 83–ാം വയസ്സിലാണ്. അതേ പ്രായത്തിലാണ് പുതിയ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അധികാരത്തിലേറുന്നത്.

പ്രധാനപ്പെട്ട ഓഫിസുകളിൽ പുതുമുഖങ്ങളെ കൊണ്ടുവന്ന് ഭരണപരിഷ്കാരം നടപ്പാക്കാൻ പുതിയ അമീർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ ഭരണരംഗത്ത് അഴിച്ച് പണി നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പുതിയ സർക്കാർ രൂപീകരിക്കുന്നതിന് പുറമെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ രാജകുടുംബാംഗങ്ങളുമായി കൂടിയാലോചന നടത്തും. ഒരു വർഷത്തിനുള്ളിൽ പുതിയ കിരീടാവകാശി കുവൈത്തിൽ നിലവിൽ വരും.

അറബ് രാജ്യങ്ങളായ സൗദി അറേബ്യയെയും യുഎഇയെയും പോലെ യുവതലമുറയ്ക്ക് അധികാരം കൈമാറുന്നതിന് സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ആധുനിക കുവൈത്തിൻറെ സ്ഥാപകൻ മുബാറക് അൽ-കബീറിൻറെ പരമ്പരയിൽപ്പെട്ടവരെ മാത്രമേ കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെടൂ.

ഷെയ്ഖ് മിഷാലിൻറെ നോമിനിയായി വരുന്ന പുതിയ കിരീടാവകാശിക്ക് പാർലമെൻറിൻറെ അംഗീകാരം ആവശ്യമാണ്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതും അടുത്ത പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നതും നിർണായകമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170613/new-crown-prince-kuwait-year)