---
title: "#accident | സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന് വീണ് അപകടം;​​ രണ്ടു മരണം"
english_title: "#Sportscar #went #out #control #fell #bridge #two #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170875/sportscar-went-out-control-fell-bridge-two-died"
published_at: "2023-12-20T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582fe812918c_spordscar.jpg"
keywords: []
---

# #accident | സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന് വീണ് അപകടം;​​ രണ്ടു മരണം

> **Lead Summary:** **ദുബൈ: **അമിത വേഗതയിൽ ഓടിച്ച സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന്​ താഴേക്ക്​ പതിച്ച്​ രണ്ട്​ പേർ മരിച്ചു. അൽ ഖവാനീജിൽ ഇത്തിഹാദ്​ മാളിന്​ സമീപം ചൊവ്വാഴ്ച രാത്രി 11.55ന്​ ആണ്​ അപകടം.

## Article Content

**ദുബൈ: **അമിത വേഗതയിൽ ഓടിച്ച സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന്​ താഴേക്ക്​ പതിച്ച്​ രണ്ട്​ പേർ മരിച്ചു. അൽ ഖവാനീജിൽ ഇത്തിഹാദ്​ മാളിന്​ സമീപം ചൊവ്വാഴ്ച രാത്രി 11.55ന്​ ആണ്​ അപകടം.

കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ്​ മരിച്ചത്​. ഇവർ ഏത്​ രാജ്യക്കാരാണെന്ന്​ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ ട്രാഫിക്​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്​ഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു.

അർധ രാത്രിയിൽ അമിത വേഗതയിൽ ഓടിച്ച കാർ പാലത്തിന്‍റെ വളവിൽ വെച്ച്​ നിയന്ത്രണം വിട്ട്​ തെന്നിമാറി ബാരിക്കേഡിൽ ഇടിച്ച്​ മറിഞ്ഞ്​ താഴേക്ക്​​ പതിക്കുകയായിരുന്നു. താഴേക്ക്​ പതിച്ച കാർ അമിത വേഗത കാരണം കാർ തെരുവിലൂടെ ഏറെ ദൂരം തെന്നിനീങ്ങി മീഡിയൻ സ്​ട്രിപ്പിൽ ഇടിച്ചാണ്​ നീന്നത്​.

തുടർന്ന്​ കാറിന്​ തീപ്പിടിച്ചതാണ്​ രണ്ടു പേരുടെയും മരണത്തിനിടയാക്കിയതെന്നും പൊലീസ്​ വിശദീകരിച്ചു.സംഭവം നടന്ന ഉടനെ ട്രാഫിക്​ പൊലീസ്​ എത്തി ട്രാഫിക്​ നിയന്ത്രിച്ചാണ്​ ആംബുലൻസുകൾക്ക്​ വഴിയൊരുക്കിയത്​. ദുബൈ പൊലീസിന്‍റെ അപകട പരിശോധന വിഭാഗത്തിലെ വിദഗ്​ധർ സംഭവസ്ഥലത്ത്​ എത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്​.

അപകടകരവും നിരുത്തരവാദപരമവുമായ ഡ്രൈവിങ്​ മൂലം സ്വയം രക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാവുന്നതിനെതിരെയും പൊലീസ്​ മുന്നറിയിപ്പ്​ നൽകി.

ട്രാഫിക്​ പൊലീസ്​ നിർദേശിക്കുന്ന ​വേഗ പരിധി പാലിക്കാനും അപകടം തടയുന്നതിനും റോഡ്​ സുരക്ഷ ഉറപ്പുവരുത്താനും എല്ലാവരും ശ്രമിക്കണമെന്നും മേജർ ജനറൽ സെയ്​ഫ്​ മുഹൈർ അൽ മസ്​റൂയി അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170875/sportscar-went-out-control-fell-bridge-two-died)