---
title: "#Christmas | ക്രിസ്തുമസ് ആഘോഷിച്ച് ഒമാൻ; ശ്രദ്ധേയമായി നൂറ്റി അൻപതോളം ഗായകർ അണിനിരന്ന കരോൾ സന്ധ്യ "
english_title: "#Celebrating #Christmas #Oman #CarolSandhya #featured #remarkable #line  #around #one #hundred #fifty #singers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172225/celebrating-christmas-oman-carolsandhya-featured-remarkable-line-around-one-hundred-fifty-singers"
published_at: "2023-12-26T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a375d3c98d_christmas.jpg"
keywords: []
---

# #Christmas | ക്രിസ്തുമസ് ആഘോഷിച്ച് ഒമാൻ; ശ്രദ്ധേയമായി നൂറ്റി അൻപതോളം ഗായകർ അണിനിരന്ന കരോൾ സന്ധ്യ 

> **Lead Summary:** **മസ്ക്കറ്റ്: [ **ഒമാനിൽ തിരുപ്പിറവിയുടെ സന്ദേശവുമായി നൂറ്റി അൻപതോളം ഗായകർ അണിനിരന്ന ക്രിസ്തുമസ് കരോൾ സന്ധ്യ ശ്രദ്ധേയമായി. മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ദേവാലയത്തിലായിരുന്നു വ്യത്യസ്തമാർന്ന കരോൾ നടന്നത്.

## Article Content

**മസ്ക്കറ്റ്: [ **ഒമാനിൽ തിരുപ്പിറവിയുടെ സന്ദേശവുമായി നൂറ്റി അൻപതോളം ഗായകർ അണിനിരന്ന ക്രിസ്തുമസ് കരോൾ സന്ധ്യ ശ്രദ്ധേയമായി. മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ദേവാലയത്തിലായിരുന്നു വ്യത്യസ്തമാർന്ന കരോൾ നടന്നത്.

യുവജന പ്രസ്ഥാന അംഗങ്ങൾ അവതരിപ്പിച്ച ബൈബിൾ നാടകം, സണ്ടേസ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ലഘു നാടകം, കാൻഡിൽ ഡാൻസ്, ബൈബിൾ പാരായണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, മലബാർ ഭദ്രാസന വൈദീകൻ ലിജോ കെ.ജോസ് തുടങ്ങിയവർ ക്രിസ്തുമസ് സന്ദേശം നൽകി.

അതേസമയം യുഎഇയിലും ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിച്ചു. പുൽക്കൂടും ക്രിസ്തുമസ്ട്രീയുമൊരുക്കി ദൈവപുത്രനെ വരവേറ്റതിലുളള സന്തോഷത്തിലാണ് വിശ്വാസി സമൂഹം. ക്രിസ്തുമസിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക കുർബാന നടന്നു.

അബുദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ശ്രുശൂഷകൾക്ക് വികാരി യെൽദൊ എം പോൾ, സഹ വികാരി മാത്യു ജോൺ എന്നിവരാണ് നേതൃത്വം നൽകിയത്. ആയിരകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനാ ശ്രുശൂഷകളിൽ പങ്കെടുത്തത്. വലിയ ക്രിസ്തുമസ് സ്റ്റാറും പുൽക്കൂടും ക്രിസ്തുമസ് ട്രീയും ദേവാലയങ്ങളിൽ ഒരുക്കിയിരുന്നു.

ദുബായിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. യുകെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പൊലീതയുടെ മുഖ്യ കർമ്മികത്വത്തിൽ നടന്ന തീ ജ്വാല ശുശ്രൂഷയിൽ നിരവധി പേർ പങ്കെടുത്തു.

വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്‌സൺ എം ജോൺ എന്നിവർ സഹ കർമികത്വം വഹിച്ചു. തുടർന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ കരോൾ ഗാനാലാപനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172225/celebrating-christmas-oman-carolsandhya-featured-remarkable-line-around-one-hundred-fifty-singers)