---
title: "#death | റിയാദിൽ ഗോഡൗണിന്​ തീപിടിച്ച്​ മരിച്ച അബ്​ദുൽ ജിഷാറിന്റെ മൃതദേഹം ഖബറടക്കി "
english_title: "#body #Malayali #youth #who #died #fire #warehouse #sofa #set #factory #buried."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173038/body-malayali-youth-who-died-fire-warehouse-sofa-set-factory-buried"
published_at: "2023-12-29T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e20fab1fbb_arrest.jpg"
keywords: []
---

# #death | റിയാദിൽ ഗോഡൗണിന്​ തീപിടിച്ച്​ മരിച്ച അബ്​ദുൽ ജിഷാറിന്റെ മൃതദേഹം ഖബറടക്കി 

> **Lead Summary:** **റിയാദ്:** ചൊവ്വാഴ്​ച റിയാദ്​ ഷിഫയിൽ സോഫ സെറ്റ് നിർമാണശാലയുടെ ഗോഡൗണിന്​ തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി.

## Article Content

**റിയാദ്:** ചൊവ്വാഴ്​ച റിയാദ്​ ഷിഫയിൽ സോഫ സെറ്റ് നിർമാണശാലയുടെ ഗോഡൗണിന്​ തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി.

മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്​ദുൽ ജിഷാറി​െൻറ (39) മൃതദേഹമാണ്​ ശുമൈസി ആശുപത്രി മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച റിയാദ് മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കിയത്​.​

അസീസിയയിലെ പള്ളിയിൽ മയ്യിത്ത്​ നമസ്കാരം നിർവഹിച്ചു. നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗക്കത്ത്​, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ്​ സിദ്ദിഖ് കല്ലുമ്പറമ്പൻ, പൊതുപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ 7.30 ഓടെയാണ്​ അപകടമുണ്ടായത്​. തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു.

ആ സമയത്ത്​ അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന്​ ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന്​ കേൾക്കാൻ കഴിഞ്ഞില്ല.

അപ്പോഴേക്കും അഗ്​നി ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസി​െൻറ നേതൃത്വത്തിൽ അഗ്​നിശമന സേനയും പൊലീസുമെത്തി തീകെടുത്തി.

ഉച്ചയോടെയാണ്​ ജിഷാറി​െൻറ മൃതദേഹം പുറത്തെടുത്തത്​. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്​ദുൽ ജിഷാർ ഒരാഴ്​ച മുമ്പാണ്​ നാട്ടിൽനിന്ന്​ അവധി കഴിഞ്ഞെത്തിയത്​.

സാമൂഹികപ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്​. പിതാവ്​: അബ്​ദുറഹ്മാൻ, മാതാവ്​: മറിയുമ്മ, ഭാര്യ: സക്കിറ. മക്കൾ: അഫീഫ, റൂബ, ആമീർ, അനു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173038/body-malayali-youth-who-died-fire-warehouse-sofa-set-factory-buried)