---
title: "#accident | സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​  അപകടം: 13​ മരണം  "
english_title: "#13 #people #including #five #members #family #died #vehicle #collision."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175471/13-people-including-five-members-family-died-vehicle-collision"
published_at: "2024-01-08T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c0a5798c9f_accident.jpg"
keywords: []
---

# #accident | സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​  അപകടം: 13​ മരണം  

> **Lead Summary:** **റിയാദ്​:** വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പടെ 13 പേർ മരിച്ചു.

## Article Content

**റിയാദ്​:** വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പടെ 13 പേർ മരിച്ചു.

ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക്​​ പുറപ്പെട്ട യമൻ പൗരനും കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്​ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ്​ രണ്ട്​ കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ്​ അപകടത്തിൽപ്പെട്ടത്​.

റിയാദിൽനിന്ന്​ 75 കിലോമീറ്ററകലെ മുസാഹ്​മിയയിൽ വെച്ച്​ ഈ മൂന്ന്​ കാറുകളെ എതിരിൽനിന്ന്​ വന്ന പാകിസ്​താനി പൗരൻ ഓടിച്ച ട്രക്ക്​ ഇടിച്ചുകയറിയായിരുന്നു അപകടം.

ഡോ. ജാഹിം അൽശബ്​ഹിയും അദ്ദേഹത്തി​െൻറ കാറിലുണ്ടായിരുന്ന നാല്​ കുടുംബാംഗങ്ങളും സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. മറ്റ്​ രണ്ട്​ കാറുകളിലുണ്ടായിരുന്നവരും മരിച്ചു.

എന്നാൽ അവർ ഏത്​ രാജ്യക്കാരാണെന്ന്​ അറിവായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഡോക്​ടറും കുടുംബവും സഞ്ചരിച്ച വാഹനം പൂർണമായി തകർന്നു.

അപകടത്തിൽ 13 പേർ മരിച്ചതായി ഡോ. ജാഹിം അൽശബ്​ഹിയുടെ കൂട്ടുകാരനായ ഡോ. മുശബിബ്​ അലി അൽഅസീരി ‘അൽഅറബിയ നെറ്റ്​’ ചാനലി​നോട്​ പറഞ്ഞു.

കുടുംബസമേതം ഉംറക്ക് പോകുന്നതിനാൽ ഡോക്​ടർ സന്തോഷവാനായിരുന്നെന്നും മുസാഹ്​മിയയിൽ എത്തിയപ്പോൾ പ്രധാന റോഡിൽ എതിർദിശയിൽനിന്ന്​ വന്ന പാകിസ്​താനി പൗരൻ ഓടിച്ച ട്രക്ക് ഡോക്​ടറുടെ വാഹനത്തെയും മറ്റ്​ രണ്ട് കാറുകളെയും ഇടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175471/13-people-including-five-members-family-died-vehicle-collision)