---
title: "#deportation | പലചരക്ക് കടയിൽ വിൽപ്പനയ്ക്ക് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ്; മലയാളി ജീവനക്കാരൻ നാടുകടത്തലും പിഴയും ശിക്ഷ"
english_title: "#Expired #biscuits #sale #shop #Malayali #employee #sentenced #deportation #fine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175951/expired-biscuits-sale-shop-malayali-employee-sentenced-deportation-fine"
published_at: "2024-01-10T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ed2b42c412_biscut.jpg"
keywords: []
---

# #deportation | പലചരക്ക് കടയിൽ വിൽപ്പനയ്ക്ക് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ്; മലയാളി ജീവനക്കാരൻ നാടുകടത്തലും പിഴയും ശിക്ഷ

> **Lead Summary:** **അബഹ: [ **കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ പലചരക്ക് കടയുടമയ്ക്കും ജീവനക്കാർക്കും കടുത്ത ശിക്ഷ. കടയുടമയ്ക്ക് 12000 റിയാലും മലയാളി ജീവനക്കാരന് 1000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.

## Article Content

**അബഹ: [ **കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ പലചരക്ക് കടയുടമയ്ക്കും ജീവനക്കാർക്കും കടുത്ത ശിക്ഷ. കടയുടമയ്ക്ക് 12000 റിയാലും മലയാളി ജീവനക്കാരന് 1000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.

ബഖാലയിൽ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിയാണ് നാടുകടത്തൽ ശിക്ഷ നേരിട്ടത്. സൗദി വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് വിൽപ്പനക്കിരിക്കുന്നതായി കണ്ടെത്തിയത്. സുപ്രീംകോടതി വരെ അപ്പീൽ പോയെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചില്ല.

തുടർന്ന് പിഴ അടച്ചശേഷം എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സൗദിയിലേക്ക് ഇനി പ്രവേശിക്കുന്നതിനായി ഷാഫിയ്ക്ക് വിലക്കുണ്ട്. കടയിൽ നിന്ന് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയ ബിസ്‌കറ്റ് കാലാവധി കഴിഞ്ഞതായും മായംചേർത്തതാണെന്നുമാണ് വാണിജ്യ മന്ത്രാലയം കണ്ടെത്തിയത്.

ഇതോടെ ഉദ്യോ​ഗസ്ഥർ കടയുടമയെ വിളിച്ചു വരുത്തികൊണ്ട് നിയമലംഘനം ചൂണ്ടിക്കാട്ടി. കടയിലെ സെയിൽസ്മാനെന്ന നിലയിൽ ശാഫിയെ കൊണ്ട് ഉദ്യോ​ഗസ്ഥർ പേപ്പറിൽ ഒപ്പുവെപ്പിച്ചു. ബിസ്ക്കറ്റിൻ്റെ കാലാവധി കഴിഞ്ഞതും ഗുണനിലവാാരമില്ലാത്തതുമാണെന്ന് അറിഞ്ഞുകൊണ്ടാണ് വിൽപ്പനയ്ക്ക് വെച്ചന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ദിവസങ്ങൾക്ക് ശേഷമാണ് കോടതിയിൽ നിന്നും ഹാജരാകാൻ കടയുടമയ്ക്കും ജീവനക്കാരനും സന്ദേശം ലഭിക്കുന്നത്. തുടർന്ന് ഷാഫിയ്ക്കും ഉടമയ്ക്കും കോടതി പിഴ ചുമത്തുകയായിരുന്നു. സംഭവത്തെ തു‌ടർന്ന് കടയുടമയും ഷാഫിയും മേൽക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി മേൽക്കോടതി വിധി ശരിവെച്ചു. തുടർന്നാണ് ജീവനക്കാരന് പിഴ അടച്ച് മടങ്ങേണ്ടിവന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175951/expired-biscuits-sale-shop-malayali-employee-sentenced-deportation-fine)