---
title: "#visaquota | വിസാ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത രാജ്യക്കാരായിരിക്കണം; നിയമം കർശനമാക്കാൻ യുഎഇ"
english_title: "#percent #visaquota #employees #different #countries #UAE #tighten #law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177733/percent-visaquota-employees-different-countries-uae-tighten-law"
published_at: "2024-01-18T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8f79b921db_uae.jpg"
keywords: []
---

# #visaquota | വിസാ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത രാജ്യക്കാരായിരിക്കണം; നിയമം കർശനമാക്കാൻ യുഎഇ

> **Lead Summary:** **അബുദബി: [ **യുഎഇയിലെ സ്ഥാപനങ്ങളിൽ വ്യത്യസ്ത രാജ്യക്കാരെ നിയമിക്കാനുള്ള നിയമം കർശനമാക്കുന്നു. വിസാ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത രാജ്യക്കാരായിരിക്കണമെന്നാണ് ചട്ടം. ഇത് സംബന്ധിച്ചുള്ള നിർദേശം വിസാ സേവന സ്ഥാപനങ്ങൾക്ക് ലഭിച്ചു.

## Article Content

**അബുദബി: [ **യുഎഇയിലെ സ്ഥാപനങ്ങളിൽ വ്യത്യസ്ത രാജ്യക്കാരെ നിയമിക്കാനുള്ള നിയമം കർശനമാക്കുന്നു. വിസാ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത രാജ്യക്കാരായിരിക്കണമെന്നാണ് ചട്ടം. ഇത് സംബന്ധിച്ചുള്ള നിർദേശം വിസാ സേവന സ്ഥാപനങ്ങൾക്ക് ലഭിച്ചു.

ഇന്ത്യ, ബം​ഗ്ലാദേശ്, പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിലുള്ളവരെയാണ് ഇത് ഏറെയും ബാധിക്കുക. യുഎഇയിലെ തൊഴിലിടത്തിൽ എല്ലാ രാജ്യക്കാർക്കും തുല്യത ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം. ഇത് അനുസരിച്ച് പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വിസ ക്വാട്ടയുടെ ഇരുപത് ശതമാനം വ്യത്യസ്ത രാജ്യക്കാരാണെന്ന് ഉറപ്പാക്കണം.

വിസ പുതുക്കുമ്പോഴും ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്നാണ് നിർദേശം. ഉദാഹരണത്തിന് ഒരു സ്ഥാപനത്തിൽ കൂടുതൽ ജീവനക്കാരും ഇന്ത്യക്കാരാണെങ്കിൽ, അനുപാതം നിലനിർത്തുന്നതിന്റെ ഭാ​ഗമായി ഇവർക്ക് വിസ പുതുക്കി നൽകില്ല. പകരം മറ്റ് രാജ്യക്കാരെ നിയമിക്കേണ്ടിവരും.

യുഎഇയിൽ ഒരു കമ്പനി തുടങ്ങുമ്പോൾ ജീവനക്കാരുടെ വിസാ ക്വാട്ടകളുടെ അം​ഗീകാരത്തിനായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അപേക്ഷ നൽകണം. ജീവനക്കാർക്ക് റസിഡൻഡ് വിസ സ്പോൺസർ ചെയ്യുന്നതിന് മുൻപ് വിസാ ക്വാട്ട അലോക്കേഷൻ ഉറപ്പാക്കേണ്ടതുണ്ട്.

ഇത്തരത്തിൽ പുതിയ അപേക്ഷ നൽകുമ്പോഴാണ് നിയമത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പുതിയ കമ്പനികൾക്കും ഫ്രീ സോണിലെ കമ്പനികൾക്കും ഇത് ബാധകമല്ല. ​ഗാർഹിക തൊഴിലാളികളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടണ്ടെന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177733/percent-visaquota-employees-different-countries-uae-tighten-law)