---
title: "#skeletonfound  | തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി"
english_title: "#human #skeleton #found #top #building #under #construction #Tukhba."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178861/human-skeleton-found-top-building-under-construction-tukhba"
published_at: "2024-01-23T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af68e198cde_foundsketon.jpg"
keywords: []
---

# #skeletonfound  | തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

> **Lead Summary:** **റിയാദ്: **കിഴക്കൻ പ്രവശ്യയിലെ തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി.

## Article Content

**റിയാദ്: **കിഴക്കൻ പ്രവശ്യയിലെ തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി.

മൂന്ന് വർഷമായി പണി നിർത്തിവെച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടത്.

ഇതിന് സമീപത്തുനിന്ന് ലഭിച്ച ഇഖാമയുടേയും ലൈസൻസിന്‍റേയും അടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പ് തുഖ്ബയിൽനിന്ന് കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശിയുടേതാവുമെന്ന നിഗമനത്തിലാണ്.

ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നാണ് പൊലീസ് അറിയിച്ചത്.

കേസിൽ പെട്ട് നിർമാണം നിലച്ചിരുന്ന കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല. നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന് പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.

കൂടുതൽ പരിശോധനകൾക്കായി അസ്ഥികൂടം ഖത്വീഫ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ പറഞ്ഞു.

രണ്ട് വർഷം മുമ്പ് തുഖ്ബയിലെ റിയാദ് സ്ട്രീറ്റിൽ ഏ.സി മെയിൻറനൻസ് കട നടത്തുകയായിരുന്ന മലയാളിയെയാണ് കാണാതായത്. ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കാണാതായ മലയാളിയുടെ കുടുംബം.

ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ഭാര്യ ഇന്ത്യൻ എംബസിയിലും നോർക്ക റൂട്സിലും പരാതി നൽകിയിരുന്നു. അസ്ഥികൂടത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധന പൂർത്തിയാകാതെ ഉറപ്പിക്കാൻ സാധിക്കില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178861/human-skeleton-found-top-building-under-construction-tukhba)