---
title: "#BapsHinduMandir | ബാപ്സ് ഹിന്ദു മന്ദിർ ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കും - യുഎഇ മന്ത്രി "
english_title: "#BapsHinduMandir #one #wonders #world #UAE #Minister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181125/bapshindumandir-one-wonders-world-uae-minister"
published_at: "2024-02-01T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb13a40480f_saji_copymandir.jpg"
keywords: []
---

# #BapsHinduMandir | ബാപ്സ് ഹിന്ദു മന്ദിർ ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കും - യുഎഇ മന്ത്രി 

> **Lead Summary:** **അബുദബി: [** യുഎഇയിലെ ബാപ്സ് ഹിന്ദു മന്ദിർ ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്ന് സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിൻറെ തെളിവാണ് ക്ഷേത്രത്തിന്റെ നിർമാണം.

## Article Content

**അബുദബി: [** യുഎഇയിലെ ബാപ്സ് ഹിന്ദു മന്ദിർ ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്ന് സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിൻറെ തെളിവാണ് ക്ഷേത്രത്തിന്റെ നിർമാണം.

പ്രതിനിധീകരിക്കുന്ന ശാശ്വത മൂല്യങ്ങളുടെയും സാംസ്കാരിക പൈതൃകത്തിന്റെയും മൂർത്തീ ഭാവമായി ബാപ്സ് ഹിന്ദു മന്ദിർ നിലകൊളളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച മന്ത്രി രാജ്യാന്തര സൗഹൃദം വളർത്തിയെടുക്കുന്നതിനും ക്ഷേത്രം കാരണമായെന്നും പറഞ്ഞു.

ദുബായ്-അബുദബി ഹൈവേയിൽ അബു മറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽകല്ലും വെളള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ​ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുളള പ്രധാന നിമിഷങ്ങൾ എന്നിവ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്.

രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർ‌മാണത്തിൽ പങ്കെടുത്തത്. ത്രിവേണി സം​ഗമം, ​ഗൗമുഖ് മണികൾ, വിശാലമായ ഹാൾ, ഫുഡ് കോർട്ട് എന്നിവയും ക്ഷേത്രത്തിലുണ്ട്.

ഫെബ്രുവരി 14 ന് ആണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. ഓൺലൈനായി ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ 18ന് പ്രവേശിപ്പിച്ച് തുടങ്ങും. തിരക്ക് കാരണം യുഎഇയിലുളളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181125/bapshindumandir-one-wonders-world-uae-minister)