---
title: "കരുതലാവണം; ഷോപ്പിങ്ങിലും"
english_title: "Kovid rises again in the country; Be careful"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19093/kovid-rises-again-in-the-country-be-careful"
published_at: "2022-01-04T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3f059ef999_shopping.jpg"
keywords: []
---

# കരുതലാവണം; ഷോപ്പിങ്ങിലും

> **Lead Summary:** **ദോഹ: **രാജ്യത്ത് വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തിൽ വീടിന് പുറത്തിറങ്ങുമ്പോഴും ഷോപ്പിങ് നടത്തുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കണം. ദിവസവുമുള്ള ഷോപ്പിങ് ഒഴിവാക്കി ഒന്നോ രണ്ടോ ആഴ്ചയിലേയ്ക്കുള്ള ഷോപ്പിങ് ഒറ്റ ദിവസമാക്കുന്നതാണ് ഉചിതം. എന്നാൽ അമിതമായി സാധനങ്ങൾ വാങ്ങി കൂട്ടുകയും വേണ്ട.

## Article Content

**ദോഹ: **രാജ്യത്ത് വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തിൽ വീടിന് പുറത്തിറങ്ങുമ്പോഴും ഷോപ്പിങ് നടത്തുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കണം. ദിവസവുമുള്ള ഷോപ്പിങ് ഒഴിവാക്കി ഒന്നോ രണ്ടോ ആഴ്ചയിലേയ്ക്കുള്ള ഷോപ്പിങ് ഒറ്റ ദിവസമാക്കുന്നതാണ് ഉചിതം. എന്നാൽ അമിതമായി സാധനങ്ങൾ വാങ്ങി കൂട്ടുകയും വേണ്ട.

ആവശ്യമുള്ള സാധനങ്ങളുടെ കൃത്യമായ ലിസ്റ്റ് തയാറാക്കി വേണം ഷോപ്പിങ്ങിന് പോകാൻ. ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രം പോകാൻ ശ്രദ്ധിക്കുക. പനി, ചുമ എന്നിവ ഉള്ളവർ ഷോപ്പിങ് നടത്തരുത്. കുട്ടികളുമായി കടയിൽ പോകുന്നത് ഒഴിവാക്കണം. ഷോപ്പിങ്ങിനായി പോകുന്നതിന് മുൻപ് കാറും ഷോപ്പിങ് ബാസ്‌ക്കറ്റും അണുവിമുക്തമാക്കാനും മറക്കരുത്. ഫെയ്‌സ് മാസ്‌ക് ധരിച്ചു വേണം വീട്ടിൽ നിന്നിറങ്ങാൻ.

സൂപ്പർമാർക്കറ്റുകളിൽ മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കണം. ഷോപ്പിങ് നടത്താൻ ഉപയോഗ ശേഷം കളയാവുന്ന തരം ഗ്ലൗസുകൾ ഉപയോഗിക്കുക. ഷോപ്പിങ്ങിനിടെ മുഖത്ത് സ്പർശിക്കരുത്. കറൻസിക്ക് പകരം ബാങ്ക് കാർഡ് നൽകുക. കാർഡ് പിൻ നമ്പർ അടിക്കുമ്പോൾ ടിഷ്യു ഉപയോഗിക്കുക.

വീട്ടിലെത്തി ഷോപ്പിങ് സാധനങ്ങൾ മുറിയിലേക്ക് കയറ്റുന്നതിന് മുൻപായി എല്ലാ സാധനങ്ങളും അണുവിമുക്തമാക്കണം. വീടിന് പുറത്തു പോയി വരുമ്പോഴും ശ്രദ്ധ വേണം.

മടങ്ങിയെത്തുമ്പോൾ വീട്ടിലെ ഒരു വസ്തുവിലും സ്പർശിക്കരുത്. വളർത്തുമൃഗങ്ങളുമായാണ് പുറത്ത് പോയതെങ്കിൽ അവയെ അണുവിമുക്തമാക്കിയ ശേഷമേ വീട്ടിനുള്ളിലേക്ക് കയറ്റാവൂ. പുറത്തു പോയപ്പോൾ ധരിച്ച വസ്ത്രങ്ങൾ അലക്കാനുള്ള വസ്ത്രങ്ങൾ ഇടുന്ന ബാഗിൽ നിക്ഷേപിക്കുക. കയ്യുറകൾ ശ്രദ്ധാപൂർവം ഊരി മാറ്റി മാലിന്യപെട്ടിയിൽ നിക്ഷേപിച്ച ശേഷം കൈകൾ വീണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ഷൂസ് ഊരി മാറ്റി അണുവിമുക്തമാക്കുക.

പുറത്തുകൊണ്ടുപോയ ബാഗ്, പഴ്‌സ്, താക്കോൽ എന്നിവയെല്ലാം പ്രവേശന കവാടത്തിൽ ഒരു പെട്ടിയിൽ നിക്ഷേപിച്ച് അണുവിമുക്തമാക്കിയ ശേഷമേ എടുക്കാവൂ. ഫോൺ, സൺഗ്ലാസ് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുകയോ അല്ലെങ്കിൽ കൈകൾ വീണ്ടും വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷമോ വേണം വീട്ടിലെ മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19093/kovid-rises-again-in-the-country-be-careful)