---
title: "ഖത്തറിന്റെ കോവിഡ് പരിശോധനാ നയങ്ങളില്‍ മാറ്റം"
english_title: "Changes in Qatar's Kovid inspection policies "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19468/changes-in-qatars-kovid-inspection-policies"
published_at: "2022-01-06T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6c1f3928e0_dubai.jpg"
keywords: []
---

# ഖത്തറിന്റെ കോവിഡ് പരിശോധനാ നയങ്ങളില്‍ മാറ്റം

> **Lead Summary:** **ദോഹ: **ഖത്തറിന്റെ കോവിഡ് പരിശോധനാ നയങ്ങളില്‍ മാറ്റം. പുതിയ നയങ്ങള്‍ പ്രാബല്യത്തിലായി. ഇന്നലെ പ്രാബല്യത്തില്‍ വന്ന പുതിയ പരിശോധനാ നയങ്ങള്‍ അനുസരിച്ച് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കാന്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പിസിആര്‍ പരിശോധന നടത്തുകയുള്ളു. 50 ന് താഴെ പ്രായമുള്ളവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയാണു നടത്തുക.

## Article Content

**ദോഹ: **ഖത്തറിന്റെ കോവിഡ് പരിശോധനാ നയങ്ങളില്‍ മാറ്റം. പുതിയ നയങ്ങള്‍ പ്രാബല്യത്തിലായി. ഇന്നലെ പ്രാബല്യത്തില്‍ വന്ന പുതിയ പരിശോധനാ നയങ്ങള്‍ അനുസരിച്ച് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കാന്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പിസിആര്‍ പരിശോധന നടത്തുകയുള്ളു. 50 ന് താഴെ പ്രായമുള്ളവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയാണു നടത്തുക.

കോവിഡ് ലക്ഷണങ്ങളുള്ള 50 വയസില്‍ താഴെയുള്ളവര്‍, കോവിഡ് പോസിറ്റീവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 വയസില്‍ താഴെയുള്ളവര്‍, വിദേശയാത്ര കഴിഞ്ഞു ഖത്തറില്‍ മടങ്ങിയെത്തിയവരില്‍ കോവിഡ് പരിശോധന വേണ്ടവര്‍ എന്നിങ്ങനെ നിശ്ചിത വിഭാഗങ്ങള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധനയാണ് നടത്തുക.

മൂക്കില്‍ നിന്നുള്ള സ്രവമെടുത്ത് നടത്തുന്ന ആന്റിജന്‍ പരിശോധനയുടെ ഫലം പരമാവധി 2 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നത് മാത്രമല്ല കോവിഡ് കൃത്യമായി നിര്‍ണയിക്കാനും ഇതിലൂടെ കഴിയും. ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന വ്യക്തിക്കു വീണ്ടും പിസിആര്‍ പരിശോധന ആവശ്യമില്ല.

സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയുടെ ഫലം 2 മണിക്കൂറിനുള്ളില്‍ വ്യക്തിയുടെ മൊബൈലിലേയ്ക്ക് എസ്എംഎസ് ആയെത്തും. നിലവില്‍ പരിശോധന നടത്തി 4 മണിക്കൂറിന് ശേഷം ഇഹ്‌തെറാസ് ആപ്പിലും പരിശോധനാ ഫലം അപ്‌ഡേറ്റ് ചെയ്യപ്പെട്ടു തുടങ്ങി. 28 ഹെല്‍ത്ത് സെന്ററുകളിലും റാപ്പിഡ് ആന്റിജന്‍ പരിശോധനാ സൗകര്യമുണ്ട്.

അതേസമയം, സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലാണ് ആന്റിജന്‍ പരിശോധന നടത്തുന്നതെങ്കില്‍ ജനുവരി 10ന് ശേഷമേ ഇഹ്‌തെറാസില്‍ അപ്‌ഡേറ്റാകൂ. രാജ്യത്തെ നൂറിലധികം സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതിയുണ്ട്. 15 മിനിറ്റിനുള്ളില്‍ ഫലമറിയാം.

പുതിയ നയങ്ങള്‍ അനുസരിച്ച് കോവിഡ് പോസിറ്റീവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍, ബൂസ്റ്റര്‍ ഡോസെടുത്തവര്‍ അല്ലെങ്കില്‍ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുത്ത് 4 മാസം ആകാത്തവരും വിട്ടുമാറാത്ത രോഗങ്ങള്‍ ഇല്ലാത്തവരുമായ 50 വയസില്‍ താഴെയുള്ളവരാണെങ്കില്‍ അവരുടെ ആവശ്യപ്രകാരം ആന്റിജന്‍ പരിശോധന എടുത്താല്‍ മതി.

അതേസമയം , കോവിഡ് പോസിറ്റീവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ വാക്‌സീനെടുക്കാത്തവര്‍ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരോ അല്ലെങ്കില്‍ വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുത്ത് 4 മാസത്തില്‍ കൂടുതല്‍ ആയവരും വിട്ടുമാറാത്ത രോഗമുള്ളവരുമായ 50 വയസോ അതിനു മുകളിലോ പ്രായമുള്ളവരെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം.

1.റാപ്പിഡ് ആന്റിജന്‍ പരിശോധനാ നിരക്ക്

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും -50 റിയാല്‍

സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍

.വാക്‌സീനെടുക്കാത്തവര്‍ക്ക് ജോലി അല്ലെങ്കില്‍ സ്‌കൂള്‍ സംബന്ധമായ ആവശ്യമെങ്കില്‍-50 റിയാല്‍

.യാത്രയ്ക്ക് മുന്‍പുള്ള പരിശോധനയ്ക്ക്-50 റിയാല്‍

.കോവിഡ് ലക്ഷണങ്ങളുള്ളവര്‍, കോവിഡ് പോസിറ്റീവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവര്‍ക്ക് പരിശോധന സൗജന്യം.

2.പിസിആര്‍ പരിശോധനാ നിരക്ക്

.സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും -160 റിയാല്‍

സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍

.കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ഹെല്‍ത്ത് സെന്ററുകളില്‍ പരിശോധന സൗജന്യം.

.‌‌യാത്രാ ആവശ്യങ്ങള്‍ക്കുള്ള പിസിആര്‍ പരിശോധന നാളെ മുതല്‍ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ ലഭ്യമല്ല. ലുസെയ്‌ലിലെ ഡ്രൈവ്-ത്രൂ കേന്ദ്രത്തില്‍ മാത്രമാക്കി പരിമിതപ്പെടുത്തി. നിരക്ക്-160 റിയാല്‍

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19468/changes-in-qatars-kovid-inspection-policies)