---
title: "#fuelprice |അർധരാത്രി ഇന്ധനവിലയിൽ മാറ്റം, രാജ്യത്ത് പെട്രോൾ വില കൂടി, പക്ഷേ ഡീസലിന് കുറഞ്ഞു; പുതിയ വില പ്രഖ്യാപിച്ച് യുഎഇ"
english_title: "#Change #midnight #fuel #prices #petrol #prices  #country #increased #diesel #prices #fell #UAE #announces #new #prices"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195935/change-midnight-fuel-prices-petrol-prices-country-increased-diesel-prices-fell-uae-announces-new-prices"
published_at: "2024-04-01T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a117865f34_uae.jpg"
keywords: []
---

# #fuelprice |അർധരാത്രി ഇന്ധനവിലയിൽ മാറ്റം, രാജ്യത്ത് പെട്രോൾ വില കൂടി, പക്ഷേ ഡീസലിന് കുറഞ്ഞു; പുതിയ വില പ്രഖ്യാപിച്ച് യുഎഇ

> **Lead Summary:** **അബുദാബി: **ആഗോളതലത്തിലെ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് യു എ ഇ.

## Article Content

**അബുദാബി: **ആഗോളതലത്തിലെ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് യു എ ഇ.

ഏപ്രിൽ മാസത്തെ ഇന്ധനവില പെട്രോൾ ഉപയോക്താക്കൾക്ക് നിരാശയേകുന്നതാണെങ്കിലും ഡീസൽ ഉപയോക്താക്കൾക്ക് ആശ്വാസകരമാണ്.

അതായത് ഏപ്രിൽ മാസത്തിൽ യു എ ഇയിൽ പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസലിന് വില കുറച്ചു എന്ന് സാരം. അർധരാത്രി മുതലാണ് പുതുക്കിയ വില നടപ്പിലായത്.

ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. പെട്രോളിന്‍റെ എല്ലാ വിഭാഗങ്ങളിലും ഇക്കുറിയും വർദ്ധനവുണ്ട്.

അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകളും പ്രാദേശിക ഇന്ധന വില നിർണ്ണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി. 

***യു എ ഇ ഇന്ധനവില നിര്‍ണയ സമിതി നിശ്ചയിച്ച പുതിയ വില ഇപ്രകാരം ***

2024 ഏപ്രിലിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹം നൽകേണ്ടിവരും. മാർച്ച് മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരുന്നു വില.

സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 3.03 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്.

ഇ - പ്ലസ് കാറ്റഗറി 91 പെട്രോൾ ലിറ്ററിന്‍റെ വില 2.85 ദിർഹത്തിൽ നിന്ന് 2.96 ദിർഹമാക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്.

ഡീസലിന്‍റെ കാര്യത്തിൽ വില ലിറ്ററിന് 3.16 ദിർഹത്തിൽ നിന്ന് 3.09 ദിർഹമാക്കി യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

2024 മാർച്ചിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് പെട്രോൾ വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195935/change-midnight-fuel-prices-petrol-prices-country-increased-diesel-prices-fell-uae-announces-new-prices)