---
title: "കശ്‍മീരില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; 200 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചു"
english_title: "Lulu Group announces major investment plans in Jammu Agency"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19710/lulu-group-announces-major-investment-plans-in-jammu-agency"
published_at: "2022-01-07T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d85f372f7dc_DUBAI.jpg"
keywords: []
---

# കശ്‍മീരില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; 200 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചു

> **Lead Summary:** **ദുബൈ:** ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ശ്രീനഗറിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ - ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തില്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ജമ്മു കശ്‌മീർ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിധ്യത്തിൽ പറഞ്ഞു.

## Article Content

**ദുബൈ:** ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ശ്രീനഗറിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ - ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തില്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ജമ്മു കശ്‌മീർ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിധ്യത്തിൽ പറഞ്ഞു.

ജമ്മു കശ്‌മീർ സർക്കാരിനു വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ പ്രകാശ് താക്കുറും ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

യുഎഇ വിദേശ - വ്യാപാര മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയ്ദി, ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ.അഹമ്മദ് അല്‍ ബന്ന, ദുബൈലെ ഇന്ത്യയുടെ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.

മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുബായ് സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച 'കശ്മീര്‍ പ്രമോഷന്‍ വീക്ക്' ഉദ്ഘാടനം ചെയ്തു.

ഒരാഴ്ച നീളുന്ന പരിപാടിയില്‍ കശ്മീരില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, കുങ്കുമപ്പൂവ്, ഡ്രൈഫ്രൂട്‌സ്, ധാന്യവര്‍ഗ്ഗങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനയ്‌ക്കെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19710/lulu-group-announces-major-investment-plans-in-jammu-agency)