മക്ക: (gccnews.com) ഹജ്ജ് കമ്മിറ്റിക്കു കീഴിലെത്തിയ ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് വൈകീട്ടോടെ മക്കയിലെത്തും.
ഈ മാസം ഒമ്പതിനെത്തിയ 3,626 തീർഥാടകരാണ് എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്. മദീനയിലെ റൗദ ഷരീഫും, ചരിത്ര സ്ഥലങ്ങളും ഇവർ സന്ദർശിച്ചിരുന്നു.
ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സിൽ രാവിലെ തീർഥാടകർ മക്കയിലേക്ക് പുറപ്പെടും. ഉംറ നിർവഹിക്കാനാവശ്യമായ ഇഹ്റാം വസ്ത്രം ധരിച്ചായിരിക്കും ഹാജിമാർ മക്കയിലെത്തുക.
മക്കയിലെ അസീസിയിലാണ് ഇന്ത്യൻ ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവർ പിന്നീട് നാട്ടിൽ നിന്നെത്തിയ ഹജ്ജ് വളന്റിയർമാരുടെ സഹായത്താൽ മസ്ജിദുൽ ഹറാമിൽ പോയി ഉംറ നിർവഹിക്കും.
താമസ കേന്ദ്രങ്ങളിൽ നിന്നും ഹറമിലേക്കുള്ള ഷട്ടിൽ ബസ് സൗകര്യം നാളെ മുതൽ ആരംഭിക്കും.
24 മണിക്കൂറും ഹാജിമാർക്ക് ഇതിൽ യാത്ര ചെയ്യാനാവും. മദീന വഴിയെത്തിയ ഹാജിമാരുടെ മടക്കം ഹജ്ജിനു ശേഷം ജിദ്ദ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്.
#First #Indian #Hajj #group #reach #Madinah #Makkah #today