---
title: "വാക്സീനെടുക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതൽ ബാധിക്കുമെന്ന് മുന്നറിയിപ്പ് "
english_title: "Warning that children who are not vaccinated may be more affected by Omicron"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/20664/warning-that-children-who-are-not-vaccinated-may-be-more-affected-by-omicron"
published_at: "2022-01-13T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e03a7ba00c8_vaccine.jpg"
keywords: []
---

# വാക്സീനെടുക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതൽ ബാധിക്കുമെന്ന് മുന്നറിയിപ്പ് 

> **Lead Summary:** **അബുദാബി : **ലോക രാജ്യങ്ങളിൽ ഒമിക്രോൺ കേസുകളുടെ എണ്ണത്തിലെ കുതിപ്പ് കാരണം കൊച്ചുകുട്ടികളിൽ അണുബാധ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വാക്സീൻ എടുക്കാത്ത കുട്ടികളെയാണ് ഒമിക്രോൺ കൂടുതലായി ബാധിക്കുക.

## Article Content

**അബുദാബി : **ലോക രാജ്യങ്ങളിൽ ഒമിക്രോൺ കേസുകളുടെ എണ്ണത്തിലെ കുതിപ്പ് കാരണം കൊച്ചുകുട്ടികളിൽ അണുബാധ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വാക്സീൻ എടുക്കാത്ത കുട്ടികളെയാണ് ഒമിക്രോൺ കൂടുതലായി ബാധിക്കുക.

വരും മാസങ്ങളിൽ ഈ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. ഇതുമുന്നിൽകണ്ട് വിവിധ രാജ്യങ്ങൾ കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ഊർജിതമാക്കി. യുഎഇയിൽ 3 വയസ്സിനു മുകളിലുള്ളവർക്കു സിനോഫാം നൽകുന്നുണ്ട്. 5–11 വയസ്സുകാർക്ക് ഫൈസർ അംഗീകരിച്ചെങ്കിലും ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല.

12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ ലഭ്യമാണ്. മുതിർന്നവരിൽ ഡെൽറ്റ വകഭേദത്തെക്കാൾ അത്ര മാരകമല്ല ഒമിക്രോൺ എങ്കിലും കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

കുട്ടികൾ കൂടുതൽ സമയം വീടിനുള്ളിൽ കഴിയുന്നതും അവരുടെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നതിന് കാരണമാകാം. രോഗം പിടിപെടുന്ന ചെറിയ കുട്ടികൾക്കും നവജാത ശിശുക്കൾക്കും ചിലപ്പോൾ ശ്വാസതടസ്സവും ദീർഘനാളത്തെ ചുമയും ഉണ്ടാകാമെന്നും അതിനാൽ യഥാസമയം ചികിത്സ തേടണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/20664/warning-that-children-who-are-not-vaccinated-may-be-more-affected-by-omicron)