മനാമ: ബഹ്റൈനില്‍ വീടിന് മുന്നില്‍ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ളതെരച്ചില് ഊർജിതമാക്കി.വെള്ളിയാഴ്ച രാവിലെയാണ് ഇസാ ടൌണിലെ കെയ്റോ റോഡില്‍ നിന്ന് ശഹദ് അല്‍ ഗല്ലാഫ് എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായത്.
രാവിലെ ആറ് മണിയോടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. രാവിലെ കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള ഒരുക്കത്തിനിടെയാണ് കുട്ടിയെ കാണാതയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.
വീടിന്റെ മുറ്റത്ത് നിന്ന് അമ്മയും മകളും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ചില സാധനങ്ങള്‍ എടുക്കാനായി അമ്മ വീടിനകത്തേക്ക് പോയി 10 മിനിറ്റിന് ശേഷം തിരികെ വന്നപ്പോള്‍ മകളെ കാണാനില്ലായിരുന്നുവെന്നാണ് മൊഴി.
കുട്ടി ഏറെ സന്തോഷവതിയായിരുന്നുവെന്നും വീടിന് മുന്നില്‍ പാട്ട് മൂളിക്കൊണ്ടായിരുന്നു നിന്നിരുന്നതെന്നും അമ്മ പറഞ്ഞു. പെട്ടെന്ന് മകള്‍ അപ്രത്യക്ഷയായപ്പോള്‍ പരിഭ്രാന്തയായ അമ്മ മകളുടെ പേര് വിളിച്ച് പരിസര പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. കുട്ടി തന്റെ മൊബൈല്‍ ഫോണ്‍ എടുത്തിട്ടില്ലെന്നും അവള് എവിടെയും ഫോണില്ലാതെ പോകാറില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
കുട്ടിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിനെയോ അല്ലെങ്കില്‍ 66610106 എന്ന നമ്പറിലോ അറിയിക്കണമെന്നാണ് നിര്‍ദേശം.
14-year-old girl missing in Bahrain; search continues