മനാമ: (gccnews.in) കുവൈത്തിലെ ദാരുണമായ തീപിടിത്തത്തിന്റെ വാർത്ത കേട്ടു ഞെട്ടിയിരിക്കുകയായിരുന്ന സ്വദേശികളും പ്രവാസികളുമടങ്ങുന്ന ആയിരങ്ങളുടെ കാതിലേക്ക് മറ്റൊരു അഗ്നിപാതം പോലെയാണ് മനാമയിലെ തീപിടിത്തത്തിന്റെ വാർത്തയെത്തിയത്.
കനത്ത ചൂടും ഹുമിഡിറ്റിയും അനുഭവപ്പെടുന്നതിനാൽ ക്ഷീണത്തിന്റെയും ആലസ്യത്തിന്റെയും അകമ്പടിയോടെ ഉച്ച വിശ്രമത്തിനുശേഷം സൂഖ് വീണ്ടും സജീവമാകാൻ തുടങ്ങിയപ്പോഴാണ് തീപിടിത്തമുണ്ടായത്.
ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്സ് ഷോപ്പിനു പിറകിലുളള ഷോപ്പുകളിലാണ് ആദ്യം തീപിടിച്ചത് കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കനത്ത പുക ആകാശത്തേക്കുയർന്നതോടെ ബഹ്റൈനാകെ തീപിടിത്ത വിവരം അറിഞ്ഞു.
ഉടൻ സിവിൽ ഡിഫൻസ് സംഘമെത്തുകയും തീയണക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയും ചെയ്തു. പക്ഷേ, അടുത്തടുത്തുള്ള കടകളിലേക്ക് തീ വളരെപ്പെട്ടന്നുതന്നെ പടർന്നതിനാൽ തീയണക്കുന്നത് അത്രയെളുപ്പമായിരുന്നില്ല.
പൊലീസും അധികൃതരും സ്ഥലത്തെത്തുകയും പരിസരത്തുണ്ടായിരുന്ന ആളുകളെ മാറ്റുകയും ചെയ്തു. കൂടുതൽ അപകടം ഒഴിവാക്കാനും തിരക്കു കുറച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാനും അതുകൊണ്ടു സാധിച്ചു.
മലയാളികളായ വ്യാപാരികൾ ധാരാളമായുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഏറെപ്പേരും ഉച്ചവിശ്രമത്തിനായി പോയിരിക്കുന്ന സമയമായിരുന്നു. സ്വന്തം കടകൾ കത്തുന്നത് ദുരെനിന്ന് കണ്ടുനിൽക്കാനേ പലർക്കും പറ്റിയുള്ളൂ.
നാശനഷ്ടം എന്തുമാത്രമുണ്ടെന്നറിയാൻ സമയമെടുത്തേക്കും. പക്ഷേ നിരവധി പേരുടെ കടകൾ ഏതാണ്ട് പൂർണമായും കത്തിയിട്ടുണ്ടെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു.
തീപിടുത്തം അണക്കാൻ സിവിൽ ഡിഫൻസ് 16 വാഹനങ്ങളാണ് വിന്യസിച്ചത്. 63 ഓഫീസർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇതു കൂടാതെ നിരവധി വ്യക്തികളും തീപിടുത്തമണക്കാനും രക്ഷാപ്രവർത്തനങ്ങളിലും പങ്കെടുത്തു.
ആറ് വ്യാപാരസ്ഥാപനങ്ങൾ പൂർണമായി നശിച്ചു;
26 എണ്ണത്തിന് ഭാഗിക നാശം
മനാമ: ബ്ളോക്ക് 432ലാണ് നിരവധി ടെക്സ്റ്റൈൽ ഷോപ്പുകൾക്ക് സമീപം തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം നിർണയിച്ചിട്ടില്ലെങ്കിലും പഴയ കെട്ടിടങ്ങളിലൊന്നിലെ ഷോർട്ട് സർക്യൂട്ടാകാൻ സാധ്യതയുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ ആറ് വ്യാപാര സ്ഥാപനങ്ങൾ പൂർണമായും 26 എണ്ണം ഭാഗികമായി കത്തി നശിച്ചെന്ന് ഓൾഡ് മനാമ സൂഖ് വികസന പദ്ധതി സിവിൽ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ മഹ്മൂദ് അൽ നംലെതി പറഞ്ഞു. രക്ഷപ്പെടാൻ മുകളിലത്തെ നിലയിൽനിന്ന് പലരും ചാടുകയായിരുന്നു. മരണങ്ങളൊന്നും ഉണ്ടായിട്ടില്ലന്നും മുൻകരുതൽ നടപടിയായി 400 കടകൾ വരെ അടച്ചിട്ടതായി അദ്ദേഹം പറഞ്ഞു. പുക ശ്വസിച്ച ഏഴ് പേർ ചികിത്സയിലാണെന്ന് പ്രദേശത്തെ എം.പി അഹമ്മദ് കറാത്തെ പറഞ്ഞു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
സഹായഹസ്തവുമായി വിവിധ പ്രവാസി സംഘടനകൾ
മനാമ: സൂഖിലെ കടകൾക്ക് തീപിടിച്ചതോടെ നിരാലംബരായ വ്യാപാരികൾക്കും ജീവനക്കാർക്കും ഭക്ഷണവും താമസവുമൊരുക്കി കെ.എം.സി.സി. തീ അണക്കാനുള്ള ശ്രമം സിവിൽ ഡിഫൻസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുകയായിരുന്നതിനാൽ പരിസര പ്രദേശങ്ങളിലേക്കു ജനത്തെ അടുപ്പിച്ചിരുന്നില്ല. മാത്രമല്ല സൂഖിന്റെ പരിസരപ്രദേശങ്ങളിലുള്ള വഴികളും േബ്ലാക്ക് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വ്യാപാരികളും ജീവനക്കാരുമടങ്ങുന്ന നൂറുകണക്കിനാളുകൾക്ക് സ്വന്തം താമസസ്ഥലത്തേക്കു പോകാൻ സാധിച്ചില്ല. ഇങ്ങനെ ബുദ്ധിമുട്ടിയവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, താമസ സൗകര്യം, ഭക്ഷണം തുടങ്ങിയവ വിവിധ സംഘടനകളൊരുക്കി.
കെ.എം.സി.സി
സഹായം ആവശ്യമുള്ളവർ 3459 9814, 33161984 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കെ.എം.സി.സി അധികൃതർ അറിയിച്ചു.
ഐ.വൈ.സി.സി
സൂഖിലുണ്ടായ തീപിടിത്തത്തിൽ ആർക്കെങ്കിലും സഹായങ്ങൾ അവശ്യമാണെകിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഐ.വൈ.സി.സി അറിയിച്ചു. ഹെൽപ് ഡെസ്ക് നമ്പർ: 38285008, ഷിജിൽ-38290197, കിരൺ-66951946, ഷംഷാദ്-33341875.
ഐ.സി.എഫ്
സൂഖിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാം.33157524, 33511762,33254181,39162339
മനാമ സുന്നി സെന്റർ
സൂഖിൽ പ്രയാസം നേരിടുന്നവർക്ക് വിശ്രമിക്കാനും, ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും മനാമ സുന്നി സെന്റർ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ആവശ്യമുള്ളവർ ബന്ധപ്പെടുക: 39357043, 38432014.
എം.സി.എം.എ
തീപിടിത്തവുമായി ബന്ധപ്പെട്ട് താമസത്തിനോ ഭക്ഷണത്തിനോ മറ്റു ആവശ്യമോ ഉണ്ടെങ്കിൽ എം.സി.എം.എ പ്രതിനിധികളെ വിളിക്കുക. 33950796, 33614955,33748156, 33210978, 35918835.
ബി.കെ.എസ്.എഫ് ഹെൽപ് ലൈൻ
സൂഖിലെ തീപിടിത്തത്തെത്തുടർന്ന് താമസം, ഭക്ഷണം, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ സഹായങ്ങൾ ആവശ്യമുള്ളവർ ബി.കെ.എസ്.എഫ് ഹെൽപ് ലൈനുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 39614255,33040446, 33111393, 33614955.
സമസ്ത ബഹ്റൈൻ
വിശ്രമിക്കാനും ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും സമസ്ത ബഹ്റൈൻ മനാമ മദ്റസ സൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 39657486, 36063412, 39533273.
പ്രവാസി വെൽഫെയർ ഹെൽപ് ഡെസ്ക്
സൂഖിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് താമസം, ഭക്ഷണം, നിത്യോപയോഗ സാധനങ്ങൾ ആവശ്യമുള്ളവർ പ്രവാസി വെൽഫെയർ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുക. ഫോൺ: 36710698, 39090532,33080851.
ബഹ്റൈൻ പ്രതിഭ
സൂഖിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവർ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനുമായി ബന്ധപ്പെടുക. ഫോൺ: 39322860, 36030827, 3632 5926, 3552 6672,3339 3971, 33063298.
#Hours #concern: #Smoke #fills #Manama