ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വില്പന ഇന്ന് മുതൽ ആരംഭിക്കും. ഫെബ്രുവരി 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. 70 ഡോളർ (ഏകദേശം അയ്യായിരം രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. റഷ്യയിലെ ലോകകപ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ടിക്കറ്റ് നിരക്ക്.
32 ടീമുകൾ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഇത്. ആഗോള വിപണിയിൽ ഏറ്റവും വിലകുറവുള്ള കാറ്റഗറി മൂന്നിലെ ടിക്കറ്റുകളാണ് 5000 രൂപയ്ക്ക് ലഭിക്കുക. ഈ വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് റഷ്യൻ ലോകകപ്പിൽ 105 ഡോളർ ആയിരുന്നു വില.
കാറ്റഗറി നാലിലെ ടിക്കറ്റുകൾ ഖത്തർ സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. വെറും 11 ഡോളറാണ് ഈ ടിക്കറ്റിൻ്റെ വില. ഖത്തർ സ്വദേശികൾക്ക് വിസ കാർഡ് വഴി മാത്രമേ പേയ്മെൻ്റ് ചെയ്യാൻ സാധിക്കൂ. രാജ്യത്തിനു പുറത്തുള്ളവർക്ക് മറ്റ് മാർഗങ്ങൾ വഴിയും പണം അടയ്ക്കാം.
രണ്ട് ലക്ഷം ആളുകൾ മത്സരം കാണാനെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഇവർക്കുള്ള സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സ്പോൺസർമാർക്കും മാധ്യമങ്ങൾക്കുമായി 40,000 മുറികളാണ് നീക്കിവച്ചിരിക്കുന്നത്.
ബാക്കി 90,000 മുറികൾ മാത്രമേ പൊതുജനങ്ങൾക്ക് ലഭിക്കും. ലോകകപ്പ് ഗ്രൂപ്പ് നിർണയിക്കാനുള്ള നറുക്കെടുപ്പ് ഏപ്രിൽ ഒന്നിനു നടക്കും.
Qatar World Cup ticket sales start today